ജമ്മു കാശ്മീർ-ശ്രീനഗർ പാതയിൽ നിന്നും നന്മ നിറഞ്ഞൊരു വാർത്തയാണ് ഇന്ന് രാജ്യം കേട്ടത്. കാശ്മീർ- ശ്രീനഗർ പാതയിലുണ്ടായ മണ്ണിടിച്ചിലിനിടെ തുടർന്ന് മണ്ണിനിടയിൽ പെട്ട യുവാവ് സുരക്ഷ സേനയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സേനയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തി.
സുരക്ഷ സേന നൽകിയ കരങ്ങളാണ് അവനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. സി.ആർ.പി.എഫ് ബോംബ് സ്‌ക്വാഡിലെ പോലീസ് നായ നൽകിയ സൂചനയെ തുടർന്ന് ജവാന്മാർ നടത്തിയ തിരച്ചിലിലാണ് കഴുത്തറ്റം മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞത്. യുവാവിനെ സി.ആർ.പി.എഫ് ജവാന്മാർ സാഹസികമായി ആണ് രക്ഷപ്പെടുത്തിയത്. കാശ്മീരിലെ റംബാനിലാണ് സംഭവം.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സി.ആർ.പി.എഫ് സംഘം നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്. മികച്ച പരിശീലനം നേടിയ അജാക്‌സി എന്ന പോലീസ് നായ അസ്വാഭിവകമായി എന്തോ ശ്രദ്ധയിപ്പെട്ടതിനെ കുറിച്ച് സേനയ്ക്ക് സൂചന നൽകുകയായിരുന്നു. ഇതേ തുടർന്ന് ജവാന്മാർ നടത്തിയ തിരിച്ചിലിനടയിലാണ് മണ്ണിനടിയിൽപെട്ട യുവാവിനെ കണ്ടെത്തിയത്.
ജവാന്മാർ ഉടൻ തന്നെ സമീപത്തുളള സൈനിക ബറ്റാലിയനെ വിവരം അറിയിച്ചു. സൈന്യത്തിന്റെ കൂടി സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ലുധവാൾ ജില്ലക്കാരനായ പ്രദീപ് കുമാറെന്ന യുവാവിന്റെയാണ് ജീവൻ തിരിച്ചു കിട്ടിയത്. ഉടൻ വൈദ്യ സഹായം നൽകി. ആഘാതത്തിൽ നിന്നും വിമുക്തനാകാത്തതിനാൽ യുവാവ് സംസാരിച്ചു തുടങ്ങിയിട്ടില്ല. മാനസിക അസ്വസ്ഥതയുളള വ്യക്തിയാണ് എന്നാണ് പ്രാഥമിക വിവരം. ദേശീയ പാതയിലൂടെ അലഞ്ഞു നടക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടതാണെന്നാണ് കരുതുന്നത്.
Discussion about this post