പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിനെ നയതന്ത്ര പ്രതിനിധികൾക്ക് കാണാമെന്നുളള നിർദേശം ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച സ്ഥിരീകരിച്ചു. നിർദ്ദേശം വിലയിരുത്തുകയാണെന്നും നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്ഥാനുമായുള്ള ആശയവിനിമയ മാർഗങ്ങൾ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കുൽഭൂഷനിലേക്ക് നയതന്ത്ര പ്രതിനിധികളെ എത്തിക്കാനുളള പാകിസ്ഥാന്റെ നിർദ്ദേശം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ പ്രതികരണം അതിന് ശേഷം മാത്രമേ സാധ്യമാകൂവെന്നും എം.ഇ.എ വക്താവ് രവീഷ് കുമാർ പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദേശം ലഭിച്ചു. അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിന്യായത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങൾ ഈ നിർദേശം വിലയിരുത്തുന്നത്. നയതന്ത്ര പ്രതിനിധികൾ വഴി പാക്കിസ്ഥാനുമായി ആശയവിനിമയം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് പ്രതികരണം അയച്ചാലും നയതന്ത്ര മാർഗങ്ങളിലൂടെ ആയിരിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു.
കുൽഭൂഷന് പാക്കിസ്ഥാൻ സൈനിക കോടതി നൽകിയ വധശിക്ഷ പുന :പരിശോധിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു . ഇത് ഇന്ത്യക്ക് ലഭിച്ച വൻ നയതന്ത്ര വിജയമായിരുന്നു. 49 കാരനായ കുൽഭുഷനെ 2016 മാർച്ചിൽ പാക്കിസ്ഥാൻ സുരക്ഷാ സേന തട്ടിക്കൊണ്ടുപോയി. 2016 മാർച്ച് 25 ന് അന്നത്തെ പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയായ ഐസാസ് അഹ്മദ് ചൗധരിയാണ് ജാദവിന്റെ അറസ്റ്റിനെക്കുറിച്ച് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിക്കുന്നത്. 2017 ഏപ്രിൽ 11 ന് ജാദവിനെ പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Discussion about this post