മാതൃഭൂമി ദിനപത്രം ബഹിഷ്‌ക്കരിക്കാനുളള തീരുമാനം പിൻവലിച്ച് നായർ സർവ്വീസ് സൊസൈറ്റി. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എൻ.എസ്.എസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച മീശ നോവലിൽ ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വന്ന പരാമർശത്തെ തുടർന്നാണ്് പത്രം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്്. ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ പേരിൽ സംഭവത്തെ മാതൃഭൂമി ന്യായീകരിച്ചതാണ് എൻ.എസ്.എസിന്റെ ഏറെ വേദനിപ്പിച്ചത്.ഇതെ തുടർന്ന് മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരടക്കമുളളവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും, അവരാരും സർവ്വീസിൽ ഇല്ലെന്നും ഉറപ്പ് നൽകി. തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമർശം ആളുകളെ വേദനിപ്പിച്ചുവെന്ന് തിരിച്ചറിയുന്നു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും വീരേന്ദ്രകുമാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
Discussion about this post