പാരമ്പര്യ വൈദ്യന് എന്നവകാശപ്പെടുന്ന മോഹനന്റെ ചികിത്സയ്ക്കിടെ കുഞ്ഞു മരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട്, സോഷ്യല്‍ മീഡിയ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് തുറന്ന കത്തുമായി യുവ ഡോക്ടര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉള്ള ഫിറോസിനെപ്പോലെയുള്ളവര് ഇത്തരം ചികിത്സകരുടെ സമീപത്തേക്ക് ആളുകളെ പറഞ്ഞയയ്ക്കരുതെന്ന്, ഇന്‍ഫോക്ലിനിക് പ്രവര്ത്തകന് കൂടിയായ ഡോ. പിഎസ് ജിനേഷ് കത്തില്‍ പറയുന്നു. ഫിറോസ് കുന്നംപറമ്പിലിന്റെ ഉപദേശപ്രകാരമാണ് പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച കുഞ്ഞിനെ മോഹനന്റെ സമീപത്തേക്ക് ചികിത്സയ്ക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഏഷ്യാനെറ്റ് അവാർഡ് കാലയളവ് മുതലാണ് താങ്കളെ ശ്രദ്ധിക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ബഹുമാനവും ഉണ്ടായിരുന്നു.
പക്ഷേ, കഴിഞ്ഞദിവസം മോഹനനെ കുറിച്ചുള്ള വീഡിയോ തീർത്തും നിരാശപ്പെടുത്തി.
താങ്കൾക്ക് മോഹനനെ നേരിട്ട് അറിയില്ല എന്നു പറഞ്ഞത് മുഖവിലക്കെടുക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ വിഷയങ്ങളിൽ അയാൾക്ക് യാതൊരു അറിവും ഇല്ല എന്നത് താങ്കൾക്ക് അറിഞ്ഞുകൂടായിരുന്നു എന്ന് മനസ്സിലാക്കുന്നു.
പക്ഷേ അയാളുടെ ചികിത്സ കൊണ്ട് രണ്ടുപേർ മെച്ചപ്പെട്ടു എന്ന് താങ്കൾ ഒരു വീഡിയോയിൽ പറയുമ്പോൾ, ഇനിയും ധാരാളം പേർ അത് വിശ്വസിച്ച് മോഹനനെ തേടിയെത്തും. അങ്ങനെ മെച്ചപ്പെട്ടു എന്നുപറയുന്നതിൽ ഒരാളാണ് ഇപ്പോൾ മരിച്ച ആ കുട്ടിയും.
താങ്കൾക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ട്, ഇതേ വിഷയത്തിൽ തന്നെ. ക്യാൻസർ ഇല്ല, ചികിത്സ വേണ്ട എന്നും പറഞ്ഞ് മോഹൻ വീട്ടിൽ വിട്ടവരുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല, മോഹൻ ഇല്ല എന്ന് പറഞ്ഞ അസുഖം ബാധിച്ച് തന്നെ അവർ മരണമടഞ്ഞു. എല്ലാവരും ടെർമിനൽ സ്റ്റേജ് ക്യാൻസർ അവസ്ഥയിലുള്ളവർ ഒന്നുമല്ല. സർജറിയും കീമോതെറാപ്പിയും ഒക്കെ ഉപയോഗിച്ച് ശാസ്ത്രീയമായ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടുമായിരുന്ന പലരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അശാസ്ത്രീയതയുടെ ഇരകളാണ്.
പക്ഷേ ആരും പരാതി നൽകുന്നില്ല, പല കാരണങ്ങളാൽ.
ഇത് ഞങ്ങൾ ആദ്യമായി പറയുന്ന കാര്യം ഒന്നും അല്ല. ഇതുപോലുള്ള വിഷയങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്.
ഒരാൾ മരിക്കുമ്പോൾ മാത്രം ഇത് എന്തിനു പറയുന്നു എന്നാണ് താങ്കൾ വീഡിയോയിൽ ചോദിച്ചത്.
ഞങ്ങൾ പറയാത്തതല്ല. ഞങ്ങൾ നിരന്തരം പറയുന്നത് നിങ്ങൾ കേൾക്കാത്തതാണ്. നിങ്ങളുടെ പേര് ഒരു വിഷയത്തിൽ വന്നപ്പോൾ മാത്രമാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്. അതുവരെ അത് നിങ്ങളുടെ പ്രശ്നമല്ലായിരുന്നു.
എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല എന്നാണ് നിങ്ങൾ ചോദിച്ചത്. ആ ചോദ്യം ഞങ്ങൾക്കുമുണ്ട്. ഒരു വ്യാജ ചികിത്സകനെതിരെ നിയമനടപടി സ്വീകരിക്കാൻ നിലവിൽ നിയമങ്ങൾ ഇല്ലെങ്കിൽ ആ നിയമം സൃഷ്ടിക്കുക തന്നെ വേണം.
നിങ്ങൾ ഇട്ട വീഡിയോയിൽ കുട്ടിയുടെ അച്ഛൻ പറഞ്ഞിട്ടുണ്ട് മോഹനനെ ആറ് തവണ കണ്ടിരുന്നു എന്ന്. ആശുപത്രിയിൽ നിന്നും ഡോക്ടർ കുറിച്ച മരുന്ന് നിർത്തണമെന്നും അത് കഴിക്കുമ്പോൾ താൻ നൽകുന്ന മരുന്നിന് പ്രയോജനം ലഭിക്കില്ല എന്നും പറഞ്ഞതായി കുട്ടിയുടെ പിതാവ് പറയുന്നുണ്ട്.
ഇത്രയൊക്കെ ചെയ്തിട്ടും 24 ന്യൂസിൽ നിന്ന് വിളിക്കുമ്പോൾ ചികിത്സിച്ചതായി മോഹൻ സമ്മതിച്ചിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ അങ്ങോർ പറയുന്നത് ചികിത്സിച്ചിട്ടില്ല എന്നാണ്. താങ്കളുടെ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള കഴിവുള്ള ആളാണ് അദ്ദേഹം എങ്കിൽ എന്തിനാണ് ഇതൊക്കെ നിരസിക്കുന്നത്.
കാരണം ലളിതമാണ്. പ്രൊപ്പിയോണിക് അസിഡീമിയ എന്തെന്ന് പുള്ളിക്ക് അറിയില്ല. അത് ഓട്ടിസം ആണ് എന്നും പറഞ്ഞ് ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ നിർത്തിയതിന് ചിലപ്പോൾ പണി കിട്ടാൻ സാധ്യതയുണ്ട് എന്ന് പുള്ളിക്ക് മനസ്സിലായി.
ഇത് ആദ്യത്തെ സംഭവമല്ല. കേരളം നിപ്പ ഭീതിയിൽ കഴിഞ്ഞ ഒരു കാലം ഓർമ്മയുണ്ടോ ? ഇരുപതിലധികം കേരളീയരുടെ ജീവൻ നഷ്ടപ്പെട്ട ഒരു കാലം, നിപ്പ ബാധിച്ച്. അന്ന് വവ്വാലുകൾ ചപ്പിയ പഴങ്ങൾ ആഹരിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. അന്ന് അതിനെതിരെ വീഡിയോ ഇറക്കിയ ആളാണ് ഈ മോഹനൻ. വൈറസ് എന്ന ഒന്ന് ഇല്ല എന്നാണ് അങ്ങോർ പറയുന്നത്. നിപ്പ വൈറസ് ബാധമൂലം മനുഷ്യർ മരണമടഞ്ഞാൽ പുള്ളിക്ക് കുഴപ്പമില്ലായിരിക്കും.
ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. എല്ലാം പറഞ്ഞ് ദീർഘിപ്പിക്കുന്നില്ല. ഫേസ്ബുക്കിൽ തന്നെ സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ഇദ്ദേഹം പറയുന്ന വീഡിയോകൾ ധാരാളമുണ്ട്. ലിങ്കുകളിൽ ടാഗ് ചെയ്ത് താങ്കളെ ബുദ്ധിമുട്ടിക്കുന്നില്ല.
പക്ഷേ ഒമ്പത് ലക്ഷത്തോളം പേർ ഫോളോവേഴ്സ് ഉള്ള ഒരു വ്യക്തി ഇതൊക്കെ അറിഞ്ഞിരിക്കണം എന്ന് ആഗ്രഹമുള്ളതിനാൽ ഇങ്ങനെ എഴുതുന്നതാണ്. കാരണം നിങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട് എന്നത് തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആൾക്കാർ.
അതുകൊണ്ട് കഴിയുമെങ്കിൽ താങ്കൾ മോഹനനെ പോലെയുള്ളവരെ സപ്പോർട്ട് ചെയ്യരുത്. താങ്കൾക്ക് വ്യക്തമായി അറിയില്ല എന്ന് പറഞ്ഞിട്ട് ആണെങ്കിൽ പോലും താങ്കൾ പറഞ്ഞ അനുഭവസാക്ഷ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കും. താങ്കളുടെ വീഡിയോയിൽ കേട്ടതു കൊണ്ട് മാത്രം ചിലപ്പോൾ അവർ അശാസ്ത്രീയതയുടെ ഇരകളായി മാറുകയും ചെയ്തേക്കാം.
എത്രയോ രോഗികളെ താങ്കൾ സഹായിച്ചിട്ടുണ്ട്; വൃക്ക മാറ്റിവെക്കാൻ, കരൾ മാറ്റിവയ്ക്കാൻ, ഹൃദയ ശസ്ത്രക്രിയകൾ ചെയ്യാൻ അങ്ങനെ എത്രയോ രോഗികളെ… അവിടെയൊക്കെ ശാസ്ത്രീയമായ ചികിത്സാരീതികളെയാണ് ആശ്രയിച്ചത്. അതുകൊണ്ട് ശാസ്ത്രീയമായി ചികിത്സാരീതികൾ പിന്തുടരാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടാൽ നന്നായിരുന്നു.
സത്യമേ വിജയിക്കൂ, അതുകൊണ്ടുതന്നെ എല്ലാവരും സത്യസന്ധമായ നിലപാടുകൾ സ്വീകരിക്കണം എന്ന് താങ്കൾ ആ വീഡിയോയിൽ പറയുന്നുണ്ട്. അത്രയുമേ എനിക്കും പറയാനുള്ളൂ.
എല്ലാ കാര്യങ്ങളും മനസ്സിലാക്കി പോസ്റ്റ് ഇടാനോ പറയാനോ ആർക്കും സാധിക്കില്ല. പക്ഷേ, പറഞ്ഞ കാര്യത്തിൽ മനപ്പൂർവമല്ലാതെയാണെങ്കിലും തെറ്റായ സന്ദേശം കടന്നു വന്നാൽ അത് തിരുത്താൻ സാധിക്കും. സാധിക്കുമെങ്കിൽ തിരുത്തുക. ചിലപ്പോൾ ഈഗോ മൂലമോ ഫോളോവേഴ്സിന്റെ സമ്മർദം മൂലമോ തിരുത്തി പറയാൻ സാധിക്കില്ല എന്നാണെങ്കിൽ, ഇനി ആരെയും മോഹനനെ പോലെ ഉള്ളവരുടെ അടുത്തേക്ക് പറഞ്ഞു വിടാതിരിക്കുക. അത്രയെങ്കിലും ചെയ്യണം.
ഞാൻ ഒരാൾ പറഞ്ഞു എന്നതുകൊണ്ട് മാത്രം ഇങ്ങനെ ഒന്നും ചെയ്യേണ്ട. താങ്കൾ തന്നെ ഒന്ന് അന്വേഷിച്ച്, പഠിച്ച്, മനസ്സിലാക്കി ചെയ്താൽ മതി. താങ്കൾക്ക് വിശ്വാസം ഉള്ളവരോട് ചോദിച്ച് മനസ്സിലാക്കയ ശേഷം മാത്രം മതി.
നിങ്ങളുടെ വീഡിയോയിൽ ആദ്യം പറഞ്ഞതുപോലെ 450, 1000 ഇങ്ങനെ വീഡിയോ കാണുന്നവരുടെ എണ്ണം എടുത്ത് പറയാനുള്ള ആരാധകവൃന്ദം ഒന്നുമില്ല. പക്ഷേ, ഞാൻ മൂലം ഒരു തെറ്റിദ്ധാരണ ഉണ്ടാവരുത് എന്ന ആഗ്രഹമുണ്ട്. ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റുകളിൽ വസ്തുതാപരമായി തെറ്റുകൾ പറ്റിയിട്ടുമുണ്ട്. പക്ഷേ, ഞാൻ പറഞ്ഞത് വസ്തുതാപരമായി തെറ്റാണ് എന്ന് മനസ്സിലാക്കിയാൽ പോസ്റ്റ് പിൻവലിച്ചു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ അഞ്ചോ ആറോ തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്.
നിങ്ങളെ കുറ്റപ്പെടുത്താനോ മോശക്കാരനാക്കാനോ വേണ്ടി എഴുതുന്നതല്ല. താങ്കളെപ്പോലെ ഒരാൾ ശാസ്ത്രീയ ചികിത്സാരീതിയുടെ പ്രാധാന്യം മനസ്സിലാക്കി, എടുത്തു പറഞ്ഞാൽ താങ്കളെ പിന്തുടരുന്ന ലക്ഷക്കണക്കിന് പേർക്ക് ശരി കാണിച്ചു കൊടുക്കുകയാവും ചെയ്യുക, അതിനാൽ മാത്രം എഴുതിയതാണ്.
ഇത്രയും വായിക്കാൻ താങ്കൾക്ക് സമയം കിട്ടുമോ എന്നറിയില്ല. സാധിക്കുമെങ്കിൽ വായിക്കുക.
ആശംസകൾ …
അസുഖം ആയിരുന്നു എന്ന് വീഡിയോയിൽ പറയുന്നത് കേട്ടു. എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി പ്രവർത്തനമേഖലയിൽ തിരിച്ചെത്തട്ടെ എന്നാശംസിക്കുന്നു.
(ഫിറോസ് കുന്നുംപറമ്പിലിനെ മോശക്കാരനാക്കാൻ വേണ്ടി ഞാൻ മനപ്പൂർവം എഴുതി എന്ന് കമന്റ് ചെയ്ത ചിലരുണ്ട്, അവരോട്. മോഹനൻ വിഷയത്തിൽ അല്ലാതെ ഫിറോസിനെ കുറിച്ച് ഒരു പോസ്റ്റ് പോലും സോഷ്യൽ മീഡിയയിൽ എഴുതാത്ത ആളാണ് ഞാൻ. അദ്ദേഹത്തെ മോശക്കാരനാക്കുക എൻറെ ലക്ഷ്യമല്ല.)
https://www.facebook.com/jineshps/posts/10156534355823977?__xts__%5B0%5D=68.ARCCR9UYMgBta5VUGSlYa0zI7F6qg23o1gLPOJ4JaOCSSFrjCPrvL3vo2Sb9WV4G3gDPtkA_btWwCLj9XfG8AXhVWjmEQeAAzxayiu3-wARGjsP7UiCHzm0j_fuxHn0bH8JJd-KhBM2PjU4DIXAWyJZCbmlXbkkXK22XqbfawlC0brS46yejWu3xKPWnlXvgHiae9xLbciWukg&__tn__=-R
Discussion about this post