ന്യൂഡൽഹി : ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രി കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി കണ്ടെത്തൽ. ഡോക്ടർമാരും മറ്റ് നിരവധി ജീവനക്കാരും രോഗികളിൽ നിന്നും മെഡിക്കൽ ഉപകരണ വിതരണക്കാരിൽ നിന്നും കൈക്കൂലി കാണുകയും അഴിമതി നടത്തുകയും ചെയ്തതായി സിബിഐ ആണ് കണ്ടെത്തിയത്. സിബിഐ പതിനഞ്ചോളം സ്ഥലങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അടക്കം 9 പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ആർഎംഎൽ ആശുപത്രി ഉൾപ്പെടെ 15 ഓളം സ്ഥലങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ വലിയ രീതിയിലുള്ള അഴിമതിയാണ് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ, ക്ലർക്കുകൾ, സ്വകാര്യ ഇടനിലക്കാർ, മെഡിക്കൽ ഉപകരണ വിതരണക്കാർ എന്നിവരുൾപ്പെടെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആർഎംഎല്ലിലെ കാർഡിയോളജി വിഭാഗത്തിലെ ഒരു പ്രൊഫസറും അസിസ്റ്റൻ്റ് പ്രൊഫസറും, ഒരു സീനിയർ ടെക്‌നിക്കൽ ഇൻ-ചാർജ്, ഒരു നഴ്‌സ്, രണ്ട് ക്ലാർക്കുമാർ, നിരവധി സ്വകാര്യ മെഡിക്കൽ ഉപകരണ വിതരണക്കാർ എന്നിവരെ കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടത്തിയിരുന്നത്.
ഡൽഹിയിലെ പ്രമുഖ സർക്കാർ ആശുപത്രികളിൽ ഇത്തരത്തിൽ രണ്ടാം തവണയാണ് കൈക്കൂലിക്കും അഴിമതിക്കും എതിരെ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അമിത വിലയ്ക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങാൻ രോഗികളെ നിർബന്ധിച്ചതിന് സഫ്ദർജംഗ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. മനീഷ് റാവത്തിനെയും നാല് കൂട്ടാളികളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post