കാസർകോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹാഘോഷത്തിൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹാഘോഷത്തിലാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ ആണ് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തത്.
ചൊവ്വാഴ്ച കാസർകോഡ് പെരിയയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹാഘോഷച്ചടങ്ങുകൾ നടന്നിരുന്നത്. പെരിയ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഈ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. എന്നാൽ വരന്റെ ക്ഷണപ്രകാരമാണ് താൻ വിവാഹത്തിൽ പങ്കെടുത്തതെന്നും മറ്റു ചില കോൺഗ്രസ് നേതാക്കളും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്നുമാണ് പ്രമോദ് പെരിയ വ്യക്തമാക്കുന്നത്.
2019 ഫെബ്രുവരിയിൽ ആയിരുന്നു കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം നേതാവ് പീതാംബരനാണ് ഈ കേസിലെ ഒന്നാം പ്രതി. കേരളത്തിൽ ഏറെ രാഷ്ട്രീയ ചർച്ചകൾ സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. സംസ്ഥാന പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാതെ ഹൈക്കോടതി ഈ കെഎസ് സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിലൂടെ പെരിയ ഇരട്ടക്കൊലക്കേസ് ഏറെ വിവാദമായിരുന്നു.
Discussion about this post