ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യോമസേനാംഗങ്ങളെ ആക്രമിച്ച ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് ഭീകരരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മുൻ പാകിസ്താൻ സൈനിക കമാൻഡർ ഇല്യാസ്, ലഷ്‌കർ കമാൻഡർ അബു ഹംസ, ലഷ്‌കർ ഭീകരൻ ഹാദൂൺ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന് വേണ്ടിയാണ് ഭീകരർ ആക്രമണം നടത്തിയിരിക്കുന്നത് എന്നാണ് വിവരം. പുതപ്പുകൊണ്ട് ശരീരമാസകലം മൂടിയാണ് ഭീകരർ ആക്രമണത്തിനായി എത്തിയത്. ഇവരുടെ കയ്യിൽ തോക്കുകളും കാണാം. കഴിഞ്ഞ വർഷം ഡിസംബറിൽ പൂഞ്ചിൽ നാല് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളും ഇവരാണ്.
ഭീകരരുടെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സുരക്ഷാ സേന അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇക്കഴിഞ്ഞ നാലിനായിരുന്നു പൂഞ്ചിൽ ഭീകരാക്രമണം ഉണ്ടായത്. വ്യോമസേനയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യോമസേനാംഗം വീരമൃത്യുവരിച്ചിരുന്നു.
Discussion about this post