ഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ അറസ്റ്റ് നല്ലകാര്യമെന്ന് ഇന്ദ്രാണി മുഖർജി.
ഐ എൻ എക്സ് മീഡിയയുടെ മേലധികാരിയായിരുന്ന ഇന്ദ്രാണിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ നിർണ്ണായകമായ വിവരങ്ങൾ സിബിഐക്ക് ലഭിച്ചത്. ഇന്ദ്രാണിയുമായി ചിദംബരം നടത്തിയ ഇടപാടുകളുടെയും സംഭാഷണങ്ങളുടെയും നിർണ്ണായക രേഖകളുടെ അടിസ്ഥാനത്തിൽ ചിദംബരത്തിന്റെ അനധികൃത ഇടപെടലുകളുടെ തെളിവുകൾ സി ബി ഐക്കും എൻഫോഴ്സ്മെന്റിനും ലഭിച്ചിരുന്നു.
ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ 2007ൽ ഐ എൻ എക്സ് മീഡിയ എന്ന കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് കള്ളപ്പണം വെളുപ്പിക്കാൻ അവസരമൊരുക്കിയതുമായി ബന്ധപ്പെട്ട് 305 കോടിയുടെ അഴിമതി നടന്നതായാണ് കേസ്. 2017ലായിരുന്നു കേസിൽ സിബിഐ എഫ് ഐ ആർ തയ്യാറാക്കിയത്.
അതേസമയം ഐ എൻ എക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിലവിൽ സി ബി ഐ കസ്റ്റഡിയിലുള്ള ചിദംബരത്തിനെ ഈ മാസം 31 വരെ ചോദ്യം ചെയ്യും. സി ബി ഐ തയ്യാറാക്കിയിട്ടുള്ള എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റിന്റെ ആവശ്യം ഓഗസ്റ്റ് 31ന് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരിക്കുകയാണ്. ശക്തമായ തെളിവുകൾ നിരത്തുന്ന പശ്ചാത്തലത്തിൽ ചിദംബരത്തെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.
Discussion about this post