കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. താമസക്കാരുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. മരടിൽ പൊളിച്ചു മാറ്റേണ്ട ഫ്‌ളാറ്റുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ചീഫ് സെക്രട്ടറി.
അതേ സമയം ഫ്ലാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് ഉടമസ്ഥർ തടഞ്ഞു. ഫ്ലാറ്റിനകത്തേക്ക് കടക്കാൻ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചു.ചീഫ് സെക്രട്ടറിയെ തടഞ്ഞ ഫ്ലാറ്റുടമകള്‍ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും പറഞ്ഞു.
ഈ മാസം 20 നകം മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കി അതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും, 23 ന് കേസ് പരിഗണിക്കുമ്പോള്‍ കേരള ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.ഫ്ലാറ്റുകൾ പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും, ജയിലില്‍ അടക്കുന്നത് അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
Discussion about this post