കൊളംബൊ: കുറഞ്ഞ സ്കോറുകൾ കണ്ട അണ്ടർ ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 32.4 ഓവറിൽ 106 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 33 ഓവറിൽ 101 റൺസിന് പുറത്തായി. ഇന്ത്യക്ക് 5 റൺസിന്റെ ആവേശ ജയം.
3 വിക്കറ്റ് വീതം വീഴ്ത്തിയ ഷമീം ഹുസൈനും മൃത്യുഞ്ജയ് ചൗധരിയും ചേർന്ന് ഇന്ത്യൻ ബാറ്റിംഗ് നിരയെ കടപുഴക്കിയപ്പോൾ 37 റൺസുമായി കരൺ ലാലും 33 റൺസുമായി നായകൻ ധ്രുവും പൊരുതി.
എന്നാൽ പന്ത് കൈയ്യിലെടുത്ത ഇന്ത്യ ബംഗ്ലാദേശിനും അതേ നാണയത്തിൽ തിരിച്ചടി നൽകി. 5 വിക്കറ്റുമായി അഥർവ്വ അങ്കലേക്കർ ബംഗ്ലാദേശിനെ തകർത്തപ്പോൾ ആകാശ് സിംഗിന് 3 വിക്കറ്റ് ലഭിച്ചു. ബംഗ്ലാദേശിനായി ക്യാപ്റ്റൻ അക്ബർ അലി 23 റൺസും മൃത്യുഞ്ജയ് ചൗധരി 21 റൺസും നേടിയെങ്കിലും ഇന്ത്യൻ സ്കോർ മറികടക്കാൻ അവർക്ക് സാധിച്ചില്ല.
ഇന്ത്യൻ ജയത്തിൽ നിർണ്ണായക പങ്കു വഹിച്ച അഥർവ്വ അങ്കലേക്കർ മാൻ ഓഫ് ദി മാച്ചും ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ അർജുൻ ആസാദ് മാൻ ഓഫ് ദി സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post