തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയെ സിപിഐഎം എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഓണ്‍ലൈന്‍ വോട്ട് കുറ്റമറ്റതാകണണെന്ന് ആവശ്യപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോട് വിയോജിപ്പ് രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ന് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പ്രതികരണം. പ്രവാസികള്‍ക്ക് അവരാഗ്രഹിക്കുന്ന രീതിയില്‍ വോട്ട് ചെയ്യണമെങ്കില്‍ അവശേഷിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം ആണ് ഓണ്‍ലൈന്‍ വോട്ടിംഗ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
‘പ്രവാസികളുടെ ചിരകാല അഭിലാഷമാണ് വോട്ടവകാശം. ഞാന്‍ 2005ല്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കേന്ദ്ര ഗവണ്മെന്റിനു പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള അപേക്ഷ നല്കി, അതിനുള്ള ഡ്രാഫ്റ്റ് ബില്‍ സമര്‍പ്പിക്കുകയും ചെയ്തു. യു. പി. എ മന്ത്രിസഭയില്‍ പ്രവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്രീ. വയലാര്‍ രവിയാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ബില്‍ സമര്‍പ്പിച്ചത്, അന്നത്തെ യു. പി. എ ഗവണ്മെന്റ് അത് അംഗീകരിക്കുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, പേരുള്ളവര്‍ക്ക് അവരവരുടെ ബൂത്തുകളില്‍ വന്നു വോട്ടു ചെയ്യാനും ഉള്ള അവകാശം പ്രവാസികള്‍ക്ക് ലഭിച്ചു.
പക്ഷെ ഇത് പ്രായോഗികമായിരുന്നില്ല, വോട്ടവകാശമുള്ള ഇന്ത്യന്‍ പൌരന് എന്ന അവകാശം ഉണ്ടായെങ്കിലും അതിനുള്ള അവസരം ഉണ്ടായില്ല. അവരുടെ ആവശ്യം അവരവരുടെ രാജ്യത്തിരുന്നു കൊണ്ട് വോട്ട് ചെയ്യണം എന്നതായിരുന്നു. അതിനുള്ള മാര്‍ഗ്ഗമായി നിര്‍ദ്ദേശിച്ച പ്രോക്സി വോട്ടിംഗ് എല്ലാവരും എതിര്‍ത്തു. അവശേഷിക്കുന്ന മാര്‍ഗ്ഗം ഓണ്‍ലൈന്‍ വോട്ടിംഗ് ആണ്. അതാണ് ഗവണ്മെന്റ് അംഗീകരിച്ചത്. അതിനോട് സി. പി. എം. വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് നിര്‍ഭാഗ്യകരമാണ്. പ്രവാസികള്‍ക്ക് അവരാഗ്രഹിക്കുന്ന രീതിയില്‍ വോട്ട് ചെയ്യണമെങ്കില്‍ അവശേഷിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗം ആണ് ഓണ്‍ലൈന്‍ വോട്ടിംഗ്.’
Discussion about this post