ഡൽഹി: മുൻ ധനകാര്യ വകുപ്പ് മന്ത്രി പി ചിദംബരത്തിന് നാളെ എഴുപത്തിനാലാം പിറന്നാൾ. തിഹാർ ജയിലിലെ വാസം അവസാനിപ്പിക്കാൻ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും നോക്കിയെങ്കിലും കോടതി കനിയാതെ വന്നതോടെ ഇക്കുറി അദ്ദേഹം ജയിലിൽ പിറന്നാൾ ആഘോഷിക്കാനാണ് സാദ്ധ്യത.
1945 സെപ്റ്റംബർ 16ന് തമിഴ്നാട്ടിലെ ശിവഗംഗയിലായിരുന്നു ചിദംബരത്തിന്റെ ജനനം. ഐ എൻ എക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 19 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബർ 23ന് മാത്രമേ പരിഗണിക്കാനാകൂവെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിറന്നാൾ ജയിലിൽ ഉണ്ണേണ്ട ഗതികേടിൽ ചിദംബരം എത്തിയത്.
നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഐ എൻ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21ന് സി ബി ഐ കസ്റ്റഡിയിലെടുത്ത ചിദംബരത്തെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 2017 മെയ് 15നാണ് ഐ എൻ എക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ എഫ് ഐ ആർ രജിസ്ടർ ചെയ്തത്. 2007ൽ ധനകാര്യ മന്ത്രിയായിരിക്കെ വിദേശ നിക്ഷേപ ചട്ടങ്ങൾ മറികടന്ന് ഐ എൻ എക്സ് മീഡിയ എന്ന സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയതിലൂടെ 305 കോടി രൂപയുടെ അഴിമതിക്ക് കളമൊരുക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഇതേ കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post