കിയാലിലെ ഓഡിറ്റും കിഫ്ബി ക്രമക്കേടും ട്രാന്‍സ് ഗ്രിഡ് അഴിമതിയുമടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അഴിമതി മൂടിവയ്ക്കാനും അവിടെ നടന്ന അനധികൃത നിയമനങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യുക എന്ന അജന്‍ഡയുള്ളത് കൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്ന് പാലായില്‍ മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ആരോപിച്ചു. .
സിപിഎം നേതാക്കളുടെ മക്കളെ പലരേയും അനധികൃതമായി കണ്ണൂര്‍ വിമാനത്തവാളത്തില്‍ നിയമിച്ചിരിക്കുകയാണ്. സിഎജി ഓഡിറ്റിംഗിന് അനുമതി നല്കിയാല് നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമെന്ന ഭയമാണ് സിപിഎമ്മിനും സര്‍ക്കാരിനും. സമാനമായ രീതിയിലുള്ള വലിയ അഴിമതിയാണ് കിഫ്ബിയുടെ പേരിലും നടക്കുന്നത്.
അഞ്ച് കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വക മാറ്റി ചെലവാക്കി. 11 ലക്ഷം രൂപ ചിലവ് വരുന്ന മണ്ണ് മാറ്റല്‍ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളിലെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ? കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.
കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണ്. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയായി സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ മറ്റാരെക്കാളും യോഗ്യത മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് പ്രതിപക്ഷ നതാവ് ആരോപിച്ചു.
കെഎസ്ഇബിയിലെ എസ്റ്റിമേറ്റുകള്‍ സാധാരണ അസി.എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്ജിനീയര്വരെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് തയാറാക്കുന്നത്. എന്നാല്‍ ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയ്യാറാക്കിയത്. ഈ എസ്റ്റിമേറ്റ് സാധാരണ നിരക്കിലും 60% കൂടുതലാണ്. മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്റ്റിമേറ്റുകള്‍ തയാറാക്കുന്നതിനെ സംസ്ഥാന വിജിലന്‍സ് തുടക്കത്തില്‍ തന്നെ താക്കീതു ചെയ്തതാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. 60% ഉയര്‍ത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേല് പിന്നീട് 50-80 % ഉയര്‍ന്ന തുകയ്ക്കാണ് കരാറുകള്‍ നല്‍കിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നല്‍കിയത്.
ഈ പദ്ധതികള്‍ വിലയിരുത്തി അപ്രൈസല്‍ നല്‍കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ ടെറാനസാണ്. ഈ കമ്പനിയുടെ ഉപദേശകന് കെഎസ്ഇബിയില്‍ നിന്നും വിരമിച്ച ട്രാന്സ്മിഷന് ഡയറക്ടറാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും. കിഫ്ബി എന്തുകൊണ്ടാണ് സിഎജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു
Discussion about this post