കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കാന്‍ തയ്യാറാവാതെ ഹൈക്കോടതി തള്ളിയത്. വിഷയത്തിൽ സുപ്രീം കോടതിക്ക് മാത്രമാണ് അധികാരമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.
ഫ്ലാറ്റ് പൊളിക്കൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഹൈക്കോടതി രജിസ്ട്രി കേസ് നമ്പർ നൽകുന്നതിൽ ആദ്യമേ വിസമ്മതിച്ചിരുന്നു. ഒടുവിൽ ഹർജിക്കാരന്റെ അപേക്ഷ പരിഗണിച്ച് നമ്പർ ഇല്ലാത്ത ഹർജി തീരുമാനം എടുക്കുന്നതിനായി സിംഗിൾ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകൾ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post