രാജ്യത്തെ പൗരന്മാര്ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാര്‍ഡ് എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുകയാണ് പരിഗണനയില്‍ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
2021ല്‍ നടക്കുക ‘ഡിജിറ്റല്‍ സെന്‍സസ്’ ആയിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു . മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
2021ല്‍ ആണ് ഇനി ജനസംഖ്യാ കണക്കെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന സെന്‍സസ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ കണക്കെടുപ്പ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. അവസാനമായി കണക്കെടുപ്പ് നടന്നത് 2011ല്‍ ആയിരുന്നു. 121 കോടിയായിരുന്നു അന്ന് ഇന്ത്യയിലെ ജനസംഖ്യ.
പേപ്പര്‍ ഉപയോഗിച്ചുള്ള കണക്കെടുപ്പില്‍നിന്ന് ഡിജിറ്റല്‍ രീതിയിലേയ്ക്ക് മാറും. വിവര ശേഖരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍ തദ്ദേശീയമായി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post