കൊച്ചി: കളമശ്ശേരി കെ എസ് ഇ ബി ഓഫീസിന് സമീപം ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ 17ആം തീയതി കെ എസ് ഇ ബി ജീവനക്കാരിയായ സീനയുടെ മക്കളുടെ കൈയ്യിലാണ് ഗ്രനേഡിന്റെ ആകൃതിയിലുള്ള വസ്തു കിട്ടിയത്. കുട്ടികൾ ഇത് ഉപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽ പെട്ട സീന അവരിൽ നിന്നും അത് വാങ്ങി അലമാരയിൽ സൂക്ഷിക്കുകയായിരുന്നു.
രണ്ട് ദിവസമായി കെ എസ് ഇ ബി ക്വാർട്ടേഴ്സിന് മുകളിലൂടെ ഡ്രോൺ പറക്കുന്നുണ്ടെന്ന് മറ്റുള്ള ജീവനക്കാർ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ട സീന പരിഭ്രാന്തയാകുകയും മക്കളുടെ പക്കൽ നിന്നും കിട്ടിയ ഗ്രനേഡിന് സമാനമായ വസ്തുവിനെ കുറിച്ച് മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് കെ എസ് ഇ ബി ജീവനക്കാർ വിവരം കളമശ്ശേരി പൊലീസിനെ അറിയിച്ചു. ലോഹ നിർമ്മിതമായ ഉപകരണം പൊലീസും ബോംബ് സ്കാഡും ചേർന്ന് വിശദമായി പരിശോധിച്ചു. പരിശോധനയ്ക്കൊടുവിൽ ചൈനീസ് നിർമ്മിതമായ ലൈറ്ററാണെന്ന് ബോദ്ധ്യപ്പെടുകയും തുടർന്ന് സ്ഫോടനം നടത്തി ഉപകരണം നശിപ്പിക്കുകയുമായിരുന്നു. ഇതോടെ ദിവസങ്ങളായി തുടരുന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജീവനക്കാരും നാട്ടുകാരും.
Discussion about this post