കാബൂൾ : അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. വെള്ളപ്പൊക്കത്തിൽ 300ലേറെ പേർ മരിച്ചു. ആയിരക്കണക്കിന് വീടുകളും തകർന്നിട്ടുണ്ട്. പ്രധാനമായും വടക്കൻ പ്രവിശ്യയായ ബഗ്‌ലാനെ ആണ് മിന്നൽ പ്രളയം ബാധിച്ചത്.
മിന്നൽ പ്രളയം അഫ്ഗാനിസ്ഥാനിൽ കടുത്ത നാശം വിതച്ചതായി താലിബാൻ ഗവൺമെൻ്റിൻ്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ബദക്ഷൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്നും സബിഹുള്ള മുജാഹിദ് അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാനും പരിക്കേറ്റവരെ കൊണ്ടുപോകാനും മരിച്ചവരെ കണ്ടെത്താനുമായി ലഭ്യമായ എല്ലാ സൗകര്യങ്ങളും തയ്യാറാക്കുന്നതിനായി ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സബിഹുള്ള മുജാഹിദ് വ്യക്തമാക്കി. നേരത്തെ ഏപ്രിൽ മാസത്തിലും അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാവുകയും നൂറുകണക്കിന് ആളുകൾ മരിക്കുകയും ചെയ്തിരുന്നു.
Discussion about this post