ജുമാഅ നമസ്ക്കാരത്തിനിടെ ഇമാമിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ചെറുകര വയക്കരയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ബംഗാളി യുവാവിന്റേത് ആള്‍ക്കൂട്ട കൊലപാതകമെന്ന് ആരോപണം. പാടിയോട്ട്ചാലില്‍ ജോലി ചെയ്യുന്ന നജ്ബൂല് എന്ന ഇരുപത്തിനാുകാരനാണ് പള്ളിയില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഇതിന് പിന്നാലെ ബലമായി ബംഗാളിലേക്ക് തിരിച്ചയക്കപ്പെട്ട ഇയാള്‍ അവിടെ വച്ച് 21ന് മരിക്കുകയായിരുന്നു. നജ്ബൂലിന്റേത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും, ക്രൂരമായ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നും നജ്ബൂലിന്റെ സഹോദരന് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുള്ള ആവശ്യം ശക്തവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം 13ന് വെള്ളിയാഴ്ച ചെറുകര വയക്കര പള്ളിയില്‍ ജുമ്അാ നമസ്ക്കാരത്തിനിടെ ഇമാമിനെ ചോദ്യം ചെയ്തുവെന്നാരോപിച്ചാണ് വിശ്വാസികള്‍ സംഘമായി നജ്ബൂലിനെ മര്‍ദ്ദിച്ചത്. പോലിസ് എത്തിയാണ് ഇയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ കേസെടുക്കാതെ പോലിസ് അലംഭാവം കാ്ട്ടി. നജ്മുദ്ദീനെ പള്ളിക്കടുത്തുള്ള താമസസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലിസ് നിര്‍ദ്ദേശിച്ചു. നജ്ബൂലിന് മാനസീക പ്രശ്നങ്ങളുണ്ടെന്നായിരുന്നു പോലിസ് പറയുന്നത്. വലിയ മര്‍ദ്ദനമേറ്റിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതിന് പിറകെ ഇമാമിനെ ചോദ്യം ചെയ്ത് നജ്മുദ്ദിനെ നാട് കടത്തണമെന്ന സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി നാട്ടില്‍ പ്രചരിച്ചു. നജ്ബൂലിന് ഇപ്പോഴും ക്വാര്‍ട്ടേഴ്സില്‍ തുടരുന്നുണ്ട്, വേണ്ടപ്പെട്ടവര്‍ ഉടന്‍ പ്രതികരിക്കണം, അവനെ എത്രയും പെട്ടെന്ന് നാട് കടത്തണം തുടങ്ങിയ സന്ദേശങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അന്ന് രാത്രി തന്നെ ഇയാളെ ട്രെയിന്‍ കയറ്റി ബംഗാളിലേക്ക് അയച്ചുവെന്നാണ് വിവരം.
നാട്ടിലെത്തിയതോടെ ഇയാളുടെ ആരോഗ്യ നില വഷളായി. ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത സാഹചര്യമായി. തുടര്‍ന്ന് 21ന് ഇയാള്‍ മരിക്കുകയായിരുന്നു. സഹോദരന് അടക്കം എല്ലാവരും കണ്ണൂരില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങിയതിനാല്‍ പരാതി പോലും നല്‍കാനായിട്ടില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥയായിരുന്നു, ഇപ്പോള്‍ നാട്ടിലാണ് ഉള്ളതെന്നും നജ്മുദ്ദീന്റെ സഹോദരന് പറയുന്നു. തന്റെ സഹോദരന് മാനസീകാസ്വസ്ഥ്യമുണ്ടെന്ന പ്രചരണം ശരിയല്ലെന്നും സഹോദരന് പറഞ്ഞു.
പള്ളിയില്‍ വച്ച് യുവാവിനെ മര്‍ദ്ദിച്ചത് ആള്‍ക്കൂട്ട ആക്രമണമാണെന്നും, ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പോലിസ് കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ബംഗാളില്‍ എത്തിയ ശേഷം മര്‍ദ്ദനമേറ്റിരിക്കാം എന്നാണ് പോലിസ് നല്കുന്ന വിശദീകരണം.
Discussion about this post