ശ്രീലങ്കയിലെ എൽടിടിഇ തീവ്രവാദികളിൽ നിന്നും ജാഫ്ന പ്രവിശ്യ വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക ദൗത്യമായിരുന്നു ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽടിടിഇയിൽ നിന്നു പിടിച്ചെടുത്തെങ്കിലും ചെറിയൊരു ചതി കാരണം നഷ്ടമായത് നിരവധി സൈനികരെയാണ്.
ശ്രീലങ്കൻ പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എൽടിടിഇ ഭീകരരെ നേരിടാൻ സൈന്യത്തിനു അനുമതി നല്കിയത്. എന്നാൽ തമിഴ്പുലികളെ പെട്ടെന്ന് തന്നെ കൂട്ടിലടയ്ക്കാമായിരുന്ന ഒരു ദൗത്യം ചതി മൂലം പാളിപ്പോകുകയായിരുന്നു.
1987 ഒക്ടോബർ 9 -ന് സൈന്യം ഓപ്പറേഷൻ പവൻ ആരംഭിക്കുന്നത്ഏറെ കഠിനമായിരുന്നു ഇന്ത്യൻ സൈനികരെ സംബന്ധിച്ചിടത്തോളം ശ്രീലങ്കൻ മണ്ണിലെ യുദ്ധം. അപരിചിതമായ രാജ്യത്ത്, തങ്ങളെ വെറുപ്പോടെ കാണുന്ന, ശത്രുപക്ഷത്തെ തുണയ്ക്കുന്ന തദ്ദേശീയർക്കിടയിൽ നിന്നു കൊണ്ട് ജാഫ്നയെ മോചിപ്പിക്കുക എന്നാൽ ഏതാണ്ട് അസാധ്യമെന്നുതന്നെ പറയാവുന്ന ഒരു ഓപ്പറേഷനായിരുന്നു.
ഒക്ടോബർ ഏഴ്, കൃത്യം 22 വർഷം മുൻപ് ശ്രീലങ്കയിലെ ജാഫ്നയിൽ ഇന്ത്യൻ ശാന്തിസേനയുടെ (ഐപികെഎഫ്) കമാൻഡർ ലഫ്റ്റനന്റ് ജനറൽ ദേപീന്ദർ സിങ് ജാഫ്ന യൂണിവേഴ്സിറ്റി ക്യാംപസിലെത്തുന്നു. സാക്ഷാൽ വേലുപ്പിള്ള പ്രഭാകരനുമായി മുഖാമുഖം. സമാധാനപരമായ ഒത്തുതീർപ്പിന് അന്തിമശ്രമം. പക്ഷേ ശ്രമം നിഷ്ഫലം. ഒരിഞ്ചു വഴങ്ങില്ലെന്നും ഒത്തുതീർപ്പില്ലെന്നും പുലി പ്രഭാകരൻ തുറന്നടിക്കുന്നു. ദേപീന്ദർ സിങ് തിരികെ ഇന്ത്യൻ ക്യാംപിലെത്തും മുൻപെ തന്നെ എൽടിടിഇ ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണവും അഴിച്ചു വിട്ടു.
മിന്നൽ പോലെ ആക്രമിക്കുക, നേതൃനിരയെ കീഴ്പ്പെടുത്തുക, എൽടിടിഇ ആക്രമണത്തിന്റെ മുന അതോടെ ഒടിയും… പക്ഷേ ശ്രീലങ്കയിൽ വ്യോമസേനയ്ക്ക് ആകെയുണ്ടായിരുന്നത് നാല് എംഐ – 8 ഹെലികോപ്റ്ററുകൾ. സൈനികരെ മുൻനിരയിലെത്തിക്കുക, പരുക്കേറ്റവരെ ഒഴിപ്പിക്കുക, സാധനങ്ങൾ എത്തിക്കുക തുങ്ങിയ സാധാരണ ദൗത്യം മാത്രം ചെയ്തിരുന്ന സംഘം.
ഒക്ടോബർ 11നു രാവിലെ സൈന്യത്തിന്റെ ചേതക് ഹെലികോപ്റ്ററിൽ രാത്രി ദൗത്യത്തിനുള്ള പൈലറ്റുമാരെയുംകൊണ്ട് ലക്ഷ്യമേഖലയ്ക്കു മുകളിലൂടെ പരിശീലന പറക്കൽ, സ്ഥലത്തിന്റെ കിടപ്പു മനസിലാക്കാൻ. പക്ഷേ വിങ് കമാൻഡർ വി.കെ.എൻ. സാപ്രെയ്ക്കും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പ്രകാശിനും മാത്രമേ ഇതിനു പോകാൻ കഴിഞ്ഞുള്ളൂ. മറ്റു രണ്ടു പേർ – സ്ക്വാഡ്രൻ ലീഡർമാരായ വിനയ് രാജിനും ദുരൈസ്വാമിക്കും മുൻനിര സേനയ്ക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള ദൗത്യമുണ്ടായിരുന്നു.
പോരട്ടത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോളെക്കും ശ്രീലങ്കൻ സേനയെ ഈ മിന്നലാക്രമണം അറിയിക്കുക എന്ന അബദ്ധം ഇന്ത്യൻ സംഘം ചെയ്തു. ശ്രീലങ്കൻ എയർ ഫോഴ്സിന്റെ ബെൽ 212 ഹെലികോപ്റ്റർ പിഞ്ഞാറു ഭാഗത്ത് ആക്രമിച്ച് പുലികളുടെ ശ്രദ്ധ തിരിക്കുമെന്നും അങ്ങനെ മിഷൻ സുഗമമാക്കാമെന്നും പ്ലാനിട്ടു. പക്ഷേ ഇതിനു നൽകിയ വില കനത്തതായി… ആക്രമണത്തിനു മുൻപു രഹസ്യം ചോർന്നു. ഒഴിഞ്ഞു പോകാൻ കഴിഞ്ഞില്ലെങ്കിലും പുലികൾക്ക് അത്യാവശ്യ തയാറെടുപ്പിന് അവസരം ലഭിച്ചു.
ഒടുവിൽ പതിനാറു ദിവസം നീണ്ട ആക്രമണം അവസാനിച്ചപ്പോൾ 214 ഇന്ത്യൻ സൈനികർക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. രക്തസാക്ഷികളിൽ രണ്ടു കേണൽമാർ അടക്കം, 15 ഓഫീസർമാർ ഉണ്ടായിരുന്നു. കണക്കിൽ പെടാതെ 36 പേരെ ഓപ്പറേഷനിടെ കാണാതെയുമായി. അവരും വധിക്കപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. 700 -ലധികം IPKF സൈനികർക്ക് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു
ചില ഇംഗ്ലിഷ് പത്രങ്ങളിലും വാരികകളിലും വ്യോമസേനയുടെ പിടിപ്പുകേടും പിഴവും മൂലം ഇന്ത്യൻ സൈനികരുടെ ജീവൻ ബലി കൊടുത്തുവെന്ന മട്ടിൽ വാർത്ത. ഉദ്ദേശിച്ച സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ പുലിമടയിൽകൊണ്ടു സൈനികരെ ഇറക്കി എന്ന് ആക്ഷേപം… മറ്റു വിഭാഗങ്ങൾക്കെല്ലാം ധീരതയ്ക്കുള്ള മെഡലുകൾ ലഭിച്ചപ്പോൾ വ്യോമസേനയിൽ നിന്നെത്തിയ എല്ലാ ശുപാർശകളും മരവിപ്പിക്കുകയായിരുന്നു
ആശയവിനിമയം തകർന്നതും ഇത്തരം ഓപ്പറേഷനു പരിശീലനം ലഭിച്ച കമാൻഡോകൾ ആവശ്യത്തിന് ഇല്ലാതിരുന്നതും മൂലം വഴി മാറിയതു ചരിത്രം. ഒറ്റ ഓപ്പറേഷനിൽ ശ്രീലങ്കയിലെ പുലികളെ മുഴുവൻ കൂട്ടിലാക്കാമായിരുന്ന ദൗത്യം വിജയത്തിനു തൊട്ടടുത്ത് എത്തിയിട്ട് വഴുതി മാറുകയായിരുന്നു.
ഇത്തരത്തിൽ ഒരു ഓപ്പറേഷനുവേണ്ടി ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയക്കാൻ തീരുമാനിച്ചതിന്റെ പേരിൽ, അതോടെ രാജീവ് ഗാന്ധി പുലികളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു. ആ വൈരമാണ് പിന്നീട് വേലുപ്പിള്ള പ്രഭാകരൻ എന്ന എല്ടിടിഇ നേതാവിനെ, രാജീവ് ഗാന്ധിയെ വധിക്കാൻ വേണ്ടി ചാവേർ ബോംബാക്രമണത്തിന് ശിവരശനും, തനുവും, ശുഭയും എല്ലാമടങ്ങുന്ന സംഘത്തെ അയക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയ്ക്ക് വിയറ്റ്നാമിൽ പറ്റിയ അതേ അബദ്ധമാണ് ഇന്ത്യക്ക് ശ്രീലങ്കയിൽ പിണഞ്ഞത്. ശത്രുവിന്റെ ശക്തി തിരിച്ചറിയുന്നതിൽ വന്ന പിഴവ്.
Discussion about this post