ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി എത്തുന്നത് അമിത് ഷായുടെയും അനുരാഗ് താക്കൂറിന്റെയും പിന്തുണയോടെ എന്ന വാര്‍ത്തകള്‍ക്ക് പിറകെ ബിജെപിക്കായി രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് മറുപടി നല്കി സൗരവ് ഗാംഗുലി. പശ്ചിമബംഗാളില്‍ 2021ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.
‘ഇല്ല. അങ്ങനെയൊന്നുമില്ല. അതേക്കുറിച്ച് ആരും എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.’എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. നേരത്തെയും സൗരവ് ഗാംഗുലി ബിജെപിക്കായി രംഗത്തിറങ്ങുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരത് രത്ന പുരസ്ക്കാരം നല്‍കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടതിന് പിറകെയായിരുന്നു അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
ബിസിസിഐയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുന്ന ഈ സമയത്ത്, പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് കനത്ത വെല്ലുവിളിയാണെന്ന് സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയുടെ പ്രതിനിധി ബ്രിജേഷ് പട്ടേലിനെ പിന്തള്ളി സമവായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
23ന് നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അവിടെ മത്സരം ഒഴിവാക്കുന്നതിന് ഭാരവാഹികളെ അഭിപ്രായ സമന്വയത്തിലൂടെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഗാംഗുലി, പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പിന്തുണ തേടിയിരുന്നു. ഈ കൂടിക്കാഴ്ചയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഗാംഗുലി ഒന്നാമനായതും കര്‍ണാടകയില്‍നിന്നുള്ള ബ്രിജേഷ് പട്ടേല്‍ പിന്തള്ളപ്പെട്ടതും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പിന്തുണയും ഗാംഗുലിക്കായിരുന്നു.
Discussion about this post