ഉപതിരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം.
രാവിലെ എട്ടിനു തപാൽ വോട്ടുകൾ ഒരു ടേബിളിൽ എണ്ണിത്തുടങ്ങും. അപ്പോൾ തന്നെ സ്ട്രോങ് റൂമിൽ നിന്നു വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന 14 മേശകളിലേക്കു മാറ്റിത്തുടങ്ങും. ഒരു റൗണ്ടിൽ 14 മെഷീനുകൾ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണൽ പൂർത്തിയാകും.
ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും
ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. ഓരോ വോട്ടിങ് യന്ത്രത്തിൽ നിന്നുമുള്ള തത്സമയ ട്രെൻഡ് www.trend.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം.
5 മണ്ഡലങ്ങളും ചേർത്തുള്ള പോളിങ് ശതമാനം 69.93. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.68 ആയിരുന്നു സംസ്ഥാനത്തെ പോളിങ് ശതമാനം. പുതിയ കണക്കനുസരിച്ച് മഞ്ചേശ്വരത്ത് 75.78%, എറണാകുളത്ത് 57.90% ആണ് പോളിങ്. അരൂർ (80.47%), കോന്നി (70.07%), വട്ടിയൂർക്കാവ് (62.66%) മണ്ഡലങ്ങളിലെ പോളിങ് നിലയിൽ മാറ്റമില്ല.
5 മണ്ഡലങ്ങളിലുമായുള്ള 896 പോളിങ് ബൂത്തുകളിലെ 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ട് ചെയ്തു. ഇതിൽ 3,26,038 പുരുഷൻമാരും 3,43,556 സ്ത്രീകളും രണ്ടു ട്രാൻസ്ജെൻഡർമാരുമാണ്.
Discussion about this post