ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് നെയ്യ് തെളിയിക്കും.
ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക കവഡിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. പൂജകൾ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും.
സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി വന്ന ശേഷം കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിനായിരുന്നു സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായത്.
സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം ദർശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് ഹിന്ദു സംഘടനകൾ നിലപാടെടുത്തതോടെ ശബരിമല സംഘർഷഭൂമിയായത് കഴിഞ്ഞ ചിത്തിര ആട്ട വിശേഷ സമയത്തായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ച് നിന്നതോടെ മാസങ്ങൾ നീണ്ട അനിശ്ചിതത്വമായിരുന്നു പിന്നീട്. ഒടുവിൽ പുനപരിശോധന ഹർജികൾ പരിഗണിക്കാമെന്ന സുപ്രീംകോടതി തീരുമാനത്തോടെയാണ് പിരിമുറുക്കം അയഞ്ഞത്.
Discussion about this post