പാലക്കാട് മെഡിക്കല്‍ കോളേജില്‍ അനാവശ്യ വിവാദമുണ്ടാക്കിയത് എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്റെ കുബുദ്ധിയെന്ന ആരോപണം ശക്തമാവുന്നു. സംവിധായകന് അനില്‍ രാധാകൃഷ്ണന് അധിക്ഷേപിച്ചു സംസാരിച്ചുവെന്ന കോളേജ് യൂണിയന് ഭാരവാഹികള്‍ പറഞ്ഞത് വിശ്വസിച്ച് നടന് ബിനീഷ് ബാസ്റ്റിന് അനില്‍ രാധാകൃഷ്ണനെതിരെ രംഗത്തെത്തി എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.
മറ്റൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ താല്പര്യമില്ല എന്ന അനില്‍ രാധാകൃഷ്ണന്റെ വാക്കുകളെ അംഗീകരിച്ച് സംവിധായകനെ വേദിയിലേക്ക് ക്ഷണിച്ച യൂണിയന് ഭാരവാഹികളുടെ ആദര്ശശുദ്ധിയെ പറ്റി എന്ത് പറയുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. ബിനീഷ് ബാസ്റ്റിന് അവസരം ചോദിച്ച നടക്കുന്നയാളാണ് അയാള്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിയില്ല എന്ന് അനില്‍ രാധാകൃഷ്ണന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്റേടമല്ലേ കാണിക്കേണ്ടത്. അല്ലാതെ അക്കാര്യം നടനോട് പറഞ്ഞത് പരിപാടി രണ്ടായി നടത്താന്‍ തീരുമാനിച്ച ഭീരുത്വത്തെയും, പിന്നീടത് വിവാദമാക്കിയുള്ള കുതന്ത്രത്തെയും എന്ത് പേരിട്ടു വിളിക്കണമെന്നും ചിലര്‍ ചോദിക്കുന്നു.
ജാതിയമായ ഒരധിക്ഷേപവും താന്‍ നടത്തിയിട്ടില്ല എന്നാണ് അനില്‍ രാധാകൃഷ്ണന് പറയുന്നത്. മറ്റൊരു സിനിമാ താരത്തിനൊപ്പം വേദി പങ്കിടാന്‍ തനിക്ക് താല്പര്യമില്ല എന്ന് യൂണിയന് ഭാരവാഹികളോട് താന്‍ പറഞ്ഞിരുന്നു. ആരും ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ബിനീഷ് ബാസ്റ്റിന് വരുന്ന വിവരം വിളിച്ചറിയിച്ചു. എന്നാല്‍ താന്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചു. ബിനീഷല്ല മറ്റേത് വ്യക്തിയായിരുന്നാലും അവരൊടൊപ്പം വേദി പങ്കിടാന്‍ എനിക്ക് വിമുഖതയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബിനീഷ് വരുന്നില്ല എന്ന് സംഘാടകര്‍ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പരിപാടിക്കെത്തിയതും ബിനീഷ് വേദിയില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതും. അയാള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കേണ്ട എന്ന് കരുതിയാണ് താന്‍ വേദി വിട്ടത്. ബിനീഷിന് താന്‍ മൂലം ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അില്‍ രാധാകൃഷ്ണന് പറയുന്നു.
അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു. ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന് എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും അനില്‍ വിശദീകരിക്കുന്നു.
പറയാത്തത് പറഞ്ഞുവെന്ന് പ്രചരിപ്പിച്ച യൂണിയന് ഭാരവാഹികളാണോ പ്രശ്നമുണ്ടാക്കിയത് എന്ന ചോദ്യത്തിന് താന്‍ അങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതില്‍ കാര്യമില്ലെന്ന് അനില്‍ പറയുന്നു.
യൂണിയന് ചെയര്‍മാനുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും, സ്റ്റുഡന്റ്സ് എഡിറ്റര്‍ അടക്കമുള്ള വേറെ ചിലരോടാണ് സംസാരിച്ചതെന്നും അനില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ട്രെന്‍ഡ് സൃഷ്ടിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവസരം ചോദിച്ച് നടക്കുന്ന ഒരാളൊടൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന് പറഞ്ഞുവെന്ന കോളേജ് യൂണിയന് ചെയര്മാന് വൈഷ്ണവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബിനീഷ് ബാസ്റ്റിന് വേദിയിലിരുന്ന് പ്രതിഷേധിച്ചത്. എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയന് ഇടപെട്ട് അനാവശ്യ വിവാദമുണ്ടാക്കിയെന്ന ആരോപണം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
Discussion about this post