ന്യൂഡൽഹി; ഇന്ത്യയിൽ മുതിർന്ന തടവുകാർ കഴിയുന്ന ജയിലുകളിൽ പതിനായിരത്തോളം കുട്ടികളെ തെറ്റായി തടവിൽ പാർപ്പിച്ചതായി പഠനറിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടികൾ പഠനവിധേയമാക്കി ലണ്ടൻ ആസ്ഥാനമായ ഐപ്രോബോണോ എന്ന സംഘടന തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2016 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള ആറ് വർഷത്തിനിടെ ഏകദേശം 9681 കുട്ടികൾ ഇത്തരത്തിൽ തടവിലാക്കപ്പെട്ടതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ജയിലിൽ കഴിഞ്ഞ കുട്ടികളെ കുറിച്ച് രാജ്യത്തെ 570 ജില്ല, സെൻട്രൽ ജയിലുകളിൽ നിന്നും 50 ശതമാനം വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. കുട്ടികൾ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവിനെ കുറിച്ച് പ്രത്യേക ജയിലുകളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ഡൽഹിയിലെ തിഹാർ സെൻട്രൽ ജയിൽ -5ൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ആറു വർഷത്തിനിടെ സെൻട്രൽ ജയിലിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട 730 കുട്ടികളിൽ 22 പേർ മാത്രമാണ് ഒരാഴ്ചയോ അതിൽ കുറവോ തടവിൽ കഴിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം പേരും മൂന്ന് മാസത്തിൽ താഴെ തടവിൽ കഴിഞ്ഞവരാണ്. ജുൻജുനുവിലെ ജില്ല ജയിലിൽ നിന്നും സമാന വിവരമാണ് ലഭിച്ചത്. ജില്ല ജയിലിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട 16 കുട്ടികളിൽ മൂന്നു പേർ മാത്രമാണ് ഒരാഴ്ചയോ അതിൽ താഴെയോ തടവിൽ കഴിഞ്ഞത്.
Discussion about this post