കൊൽക്കത്ത : ഈ രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികളും അനന്തരാവകാശികളും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാൾ ഉന്നയിച്ച ചോദ്യമായിരുന്നു പ്രധാനമന്ത്രി മോദിയുടെ പിൻഗാമി ആരാണ് എന്നുള്ളത്. ഞായറാഴ്ച പശ്ചിമബംഗാളിലെ ഹൂഗ്ലിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന് ഉത്തരം നൽകിയത്. ഈ രാജ്യമാണ് എന്റെ കുടുംബം. ആ കുടുംബത്തിന്റെ രക്ഷിതാവ് എന്ന നിലയിൽ എന്റെ അനന്തരാവകാശികളായ ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി മെച്ചപ്പെട്ട വികസനങ്ങൾ സൃഷ്ടിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
“ഇവിടുത്തെ പ്രതിപക്ഷത്തിന് മോദിയുടെ പിൻഗാമി ആരാണ് എന്നുള്ള കാര്യത്തിലാണ് ആശങ്ക ഉള്ളത്. അതിന് കാരണം അവർ പിൻഗാമികൾക്കും അനന്തരാവകാശികൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നുള്ളതാണ്. അവർ രാഷ്ട്രീയത്തിലൂടെ സമ്പത്തും കൊട്ടാരങ്ങളും ഉണ്ടാക്കി അനന്തരാവകാശികൾക്ക് കൈമാറുന്നു. എന്നാൽ എന്റെ രാജ്യമാണ് എന്റെ കുടുംബം. ഈ രാജ്യത്തെ ജനങ്ങൾ അല്ലാതെ എനിക്ക് മറ്റൊന്നുമില്ല. ആ കുടുംബത്തിലെ കുട്ടികളുടെ കൈകളിലേക്ക് ഒരു വികസിത ഭാരതത്തെ കൈമാറുക എന്നുള്ളതാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ എന്റെ ലക്ഷ്യം ” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആയിരുന്നു അരവിന്ദ് കെജ്രിവാൾ മോദിയുടെ പിൻഗാമിയെ കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75 വയസ്സ് ആവാറായി. ഈ പ്രായത്തിൽ അദ്ദേഹം വിരമിക്കുമെങ്കിൽ അമിത് ഷാക്ക് വേണ്ടിയാണോ അദ്ദേഹം വോട്ട് ചോദിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കിക്കൊണ്ട് അമിത് ഷായ്ക്ക് വഴിയൊരുക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത് എന്നും അരവിന്ദ് കെജ്രിവാൾ ആരോപണം ഉന്നയിച്ചിരുന്നു. അമിത് ഷായും യോഗി ആദിത്യനാഥും അടക്കം നിരവധി ബിജെപി നേതാക്കളാണ് കെജ്രിവാളിന്റെ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നത്.
Discussion about this post