അസം ദേശീയ പൗരത്വ രജിസ്റ്ററിനെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്
പിന്തുണച്ചു. അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. ‘പോസ്റ്റ് കൊളോണിയൽ അസം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാൻ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കും. കാര്യങ്ങൾ വ്യക്തമായ രീതിയിൽ മനസിലാക്കണം. 19 ലക്ഷമാണോ 40 ലക്ഷമാണോ എന്നതല്ല വിഷയം. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണ് എന്ന് മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
”പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില് ചില മാധ്യമങ്ങൾ നിരുത്തരവാദിത്തപരമായ രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്തു. ഇത് സ്ഥിതി വഷളാക്കുകയാണ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ച് ഒരു പരിധിവരെ വ്യക്തമാകുക ആവശ്യമായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് പൗരത്വ രജിസ്റ്ററിലൂടെ നടന്നത്. അതില് മറ്റു വിവാദങ്ങൾക്ക് സ്ഥാനമില്ല” ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്പറഞ്ഞു.അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഓഗസ്റ്റ് 31 നാണ് പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്തായി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിൽ 40 ലക്ഷത്തിലധികം പേരെയാണ് പുറത്താക്കിയിരുന്നത്. 3.3 കോടി അപേക്ഷകളിൽ 3,11,21,004 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസമിൽ ശക്തമായ സുരക്ഷയാണ് പട്ടിക പ്രസിദ്ധീകിരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ 41 ലക്ഷത്തിലധികം ആളുകൾ പട്ടികയ്ക്ക് പുറത്തായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ദേശിയ പൗരത്വ രജിസ്റ്റർ ഉൾപ്പെടാത്തവർക്ക് അപ്പീലുമായി ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് അസം മുഖ്യമന്ത്രി സബർനന്ദ സോനോവാൾ പറഞ്ഞു
Discussion about this post