ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. പുനപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
യുവതീ പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ നിയമ നിര്‍മ്മാണം എളുപ്പമല്ല. കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം പാർലമെന്‍റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധി. നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഭക്തരെ കബളിപ്പിക്കാനുള്ള നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും വിധി വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വിധിയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ശബരിമല വിധിക്കെതിരെ നിയമ നിര്‍മ്മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post