അട്ടപ്പാടിയില്‍ പൊലീസ് വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ രേഖകളാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ്.
മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെന്‍ഡ്രൈവും ലാപ്പ്ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവയിലുള്ള രേഖകളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പെന്‍ഡ്രൈവിലെ ലഘുലേഖകള്‍ പരിശോധിച്ചപ്പോള്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ രേഖകള്‍ കണ്ടെത്തിയത്. ഇതേ രേഖകള്‍ തന്നെയാണ് പന്നിയങ്കര കേസില്‍ പിടിയിലായ അലന് ഷുഹൈബിന്റേയും താഹ ഫസലിന്റേയും വീട്ടില്‍ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇതു കൂടാതെ താഹയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്.
Discussion about this post