അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്ത് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം. ഇതിനായി മൂന്ന് മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ഭൂമിയുടെ ഉടമസ്ഥവകാശം ഉള്‍പ്പടെ ഈ ട്രസ്റ്റിന് കീഴിലാകും. തര്‍ക്ക സ്ഥലത്ത് അവകാശവാദം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുന്നി വഖഫ് ബോര്‍ഡിന് പള്ളി നിര്‍മ്മാണത്തിന് അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും സുപ്രിം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു.
തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ് എന്നും സുപ്രിം കോടതി വ്യക്തമാക്കി. അയോധ്യയിലെ ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിര്‍മോഹി അഖാഡ ഉള്‍പ്പടെ ആര്‍ക്കും ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. അയോധ്യയില്‍ തന്നെ പള്ളി നിര്‍മ്മാണത്തിന് അഞ്ചക്കര്‍ സ്ഥലം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യം കോടതി പരിഗണിക്കുന്നുവെന്നും വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.
ഈ ഭൂമിയാണ് രാമന്‍ ജനിച്ചത് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഇതിന് ശക്തിപകരാവുന്ന ചരിത്രപരമായ തെളിവുകള്‍ ഉണ്ട്. തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന് വ്യക്തമാണെന്നും സുപ്രിം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി . അതേസമയം ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് തകര്‍ത്താണ് ക്ഷേത്രം പണിതത് എന്ന് കണ്ടെത്തിയിട്ടില്ല. തുറസ്സായ സ്ഥലത്താണ് ബാബറി മസ്ജിദ് പണിതത് എന്ന വാദം അംഗീകരിക്കാനാവില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. നിര്‍മ്മിതിയ്ക്ക് മുകളിലാണ് പള്ളി പണിതത്. ഈ നിര്‍മ്മിതി ഏതെന്ന് വ്യക്തമല്ല.
അയോധ്യ കേസില്‍ പുരാവസ്തു വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ തള്ളികളയാനാവില്ലെന്നും സുപ്രിം കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നു, പൂജ നടന്നുവെന്നും ആണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ഇത് ശരിവെക്കുകയാണ് സുപ്രിം കോടതി. ഉടമസ്ഥാവകാശം അല്ലാതെയുള്ള നിര്‍മോഹി അഖാഡയുടെ വാദങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സുപ്രിം കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. ക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പടെയുള്ളവരുടെ അവകാശവാദങ്ങളാണ് നിര്‍മോഹി അഖാഡയുടെ വാദങ്ങള്‍. ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അഖാഡ വാദിച്ചിരുന്നു.
രാമന്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പോലെ ബാബറി മസ്ജിദ് അവിടെ ഉണ്ടായിരുന്നുവെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളും ഇവിടെ നമാസ് നടത്തിയിരുന്നു. ആരാധിക്കുന്ന എല്ലാവര്‍ക്കും അവരവരുടെ അവകാശം ഉറപ്പാക്കണം.അതേ സമയം തര്‍ക്ക ഭൂമിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച ഷിയ വഖഫ് ബോര്‍ഡിന്റെ വാദവും തള്ളി. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഭിന്ന വിധികളില്ലെന്നും കോടതി വിധി പ്രസ്താവത്തിന്റെ തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. ഒറ്റ വിധി ന്യായമാണ് പ്രസ്താവിക്കുക, തര്‍ക്കഭൂമിയില്‍ ഇരുവിഭാഗവും ആരാധന നടത്തിയിരുന്നു. എല്ലാവരുടെയും വിശ്വാസത്തെയും അംഗീകരിക്കണം. വിശ്വാസമല്ല ചരിത്ര വസ്തുതകളാണ് കോടതി ആശ്രയിക്കുക. വിശ്വാസത്തേക്കാള്‍ നിയമപരമായ കാര്യങ്ങളാണ് കോടതി പരിഗണിക്കുകയെന്നും കോടതി പറഞ്ഞു. ദൈവ സങ്കല്‍പത്തിന് നിയമപരമയ അസ്തിത്വമുണ്ട് എന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടന ബെഞ്ചിന് മുന്നിലുണ്ടായിരുന്നത്. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറഞ്ഞത്. കനത്ത സുരക്ഷയാണ് സുപ്രിം കോടതി പരിസരത്തും, ഡല്‍ഹിയിലും, അയോധ്യയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യമെമ്പാടും കനത്ത ജാഗ്രത നിര്‍ദ്ദേശം ഉണ്ട്.
2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്‌ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതല്‍ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടാണ് അന്തിമ വിധി പറഞ്ഞത്. ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിനാണ് സുപ്രിം കോടതി വിധിയോടെ പരിസമാപ്തിയാകുന്നത്.
മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചിരുന്നു. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.
അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. അത് മറ്റെവിടേക്കെങ്കിലും മാറ്റാനാകില്ല. ജന്മസ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നതായിരുന്നു രാംലല്ലയുടെ വാദം. ക്ഷേത്ര നിര്‍മ്മാണത്തില്‍ അവകാശവാദം ഉന്നയിച്ച നിര്‍മോഹി അഖാഡ, തര്‍ക്കഭൂമി തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് വാദിച്ചു. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്കടയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അത് ബാബര്‍ പൊളിച്ചുമാറ്റിയ രാമക്ഷേത്രമാണെന്നും ഹിന്ദു സംഘടനകള്‍ വാദിച്ചു.
1992 ഡിസംബര്‍ 6 വരെ അയോധ്യയില്‍ ഒരു മസ്ജിദ് ഉണ്ടായിരുന്നു. മസ്ജിദിന് ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാന്റ് കിട്ടിയതടക്കം ചൂണ്ടിക്കാട്ടിയാണ് തര്‍ക്കഭൂമിയില്‍ സുന്നി വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരുന്നത്. 13426 പേജുള്ള രേഖകളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. പല ഭാഷകളിലുള്ള രേഖകളെല്ലാം ഇംഗഌഷിലേക്ക് പരിഭാഷപ്പെടുത്തി കോടതി പരിശോധിച്ചിരുന്നു.
Discussion about this post