ഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുന്നു. വിധിയിന്മേലുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.
അതിനിടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം.
ഇന്റലിജൻസ് ബ്യൂറോയും മിലിട്ടറി ഇന്റലിജസും റോയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ മേഖലകളെയാണ് ജെയ്ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. മൂന്ന് ഏജൻസികൾ ഒരേ വിവരം നൽകിയതിനാൽ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം പരിഗണിക്കുന്നത്.
അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്‍മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. അയോധ്യ കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
Discussion about this post