ഡൽഹി: അയോധ്യാ വിധി ഏറ്റവും മികച്ചതും പഴുതുകളില്ലാത്തതുമെന്ന് പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ്. പ്രശംസനീയമായ ഈ വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തര്‍ക്ക ഭൂമിയില്‍ പള്ളിക്കു മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നെന്ന പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ കണ്ടെത്തലുകളും സുപ്രീം കോടതി പരിശോധിച്ചിരുന്നു. ഇത് വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും മികച്ചതാണ് ഈ വിധി. ഇത് ഇത്ര മികച്ചതായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പ്രദേശം മുഴുവന്‍ ഹിന്ദു സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഇത് മുസ്ലീങ്ങള്‍ക്ക് മക്ക മദീന പോലെ പ്രധാനമാണ്,-അദ്ദേഹം പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ബാബ്‌റി മസ്ജിദിനു മുന്‍പായി ഒരു ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായി മലയാളിയായ പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ് നേരത്തേ തന്നെ പറഞ്ഞിരുന്നു.
വിവാദമായ തര്‍ക്ക മന്ദിരത്തിനു താഴെ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രപരമായി മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് കെ.കെ മുഹമ്മദ് കണ്ടെത്തിയിരുന്നത്. രണ്ടു ഖനനങ്ങള്‍ നടത്തിയതില്‍ ഒരു വലിയ ക്ഷേത്രഘടന ഈ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. 1968 മുതല്‍ 1972 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യുടെ ഡയറക്ടര്‍ ജനറലായിരുന്ന പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി.ബി.ലാലിന്റെ കീഴില്‍ 1976-77 കാലഘട്ടത്തിലാണ് ആദ്യത്തെ ഖനനം നടത്തിയത്. താന്‍ ആ സംഘത്തിലെ അംഗവും ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്ലീമുമായിരുന്നു. ഖനനത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. നടപടിക്രമങ്ങള്‍ അനുസരിച്ച് ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ആദ്യം ഉപരിതല പര്യവേക്ഷണം നടത്തി. ഗവേഷക സംഘം അകത്തേക്ക് കടന്നപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിച്ച പള്ളിയുടെ 12 തൂണുകള്‍ കാണാനായെന്നും മുഹമ്മദ് കണ്ടെത്തിയിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം 2003 ലാണ് രണ്ടാമത്തെ ഖനനം നടത്തിയത്. ഖനനത്തിന് മുമ്പ് റഡാര്‍ സർവ്വേ നടത്തി. ഭൂമിക്കു താഴെ നിരവധി ഘടനകളുണ്ടെന്ന് കണ്ടെത്തി. നിരവധി അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരാവസ്തു ഗവേഷകരായ ഹരി മഞ്ജി, ബി.ആര്‍. മണി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഖനനം നടത്തിയത്. ആദ്യത്തെ ഖനന വേളയില്‍ പള്ളിയില്‍ 12 ക്ഷേത്രസ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പല തൂണുകളും നില്‍ക്കുന്ന അടിത്തറകളും ഖനനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ ഖനനത്തില്‍ 17 വരികളിലായി 50 ലധികം തൂണുകളുടെ അടിത്തറ കണ്ടെത്താനായി. അതിനര്‍ത്ഥം ക്ഷേത്രത്തിന്റെ ഘടന ഗംഭീരവും വലുതുമായിരുന്നു. കൂടാതെ, ക്ഷേത്രത്തിലെ തീര്‍ത്ഥജലം ഒഴുകുന്ന പ്രണാലിയും സംഘം കണ്ടെത്തി. മുതലയുടെ മുഖത്തിന്റെ ആകൃതിയിലുളള മകര പ്രണാലിയായിരുന്നു അത്. ഗംഗാ നദിയെ സൂചിപ്പിക്കുന്നതാണ് മുതലയുടെ ആകൃതി. ചില ക്ഷേത്രങ്ങളില്‍ ശ്രീകോവിലിനു സമീപം എത്തും മുന്‍പ് രണ്ടു ശില്‍പങ്ങളെ കാണനാകും. ഒന്ന് മുതലയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. മറ്റൊന്ന് ആമയുടെ മുകളില്‍ നില്‍ക്കുന്ന സ്ത്രീരൂപവും. അതായത് പവിത്രമായ ശ്രീകോവിലിന് അടുത്തേക്ക് നിങ്ങള്‍ എത്തും മുന്‍പ് ഗംഗ, യമുന, സരസ്വതി നദിജലത്താല്‍ ശുദ്ധരായി എന്നാണു വിശ്വാസം. ഇതിനെല്ലാം അര്‍ത്ഥം ഈ ഭൂമിയില്‍ ചിരപുരാതനവും അതിവിപുലവുമായി ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്നാണെന്ന് മുഹമ്മദിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അയോധ്യാ വിഷയത്തിൽ സത്യസന്ധവും ശാസ്ത്രീയവുമായ അഭിപ്രായം പറഞ്ഞ തന്നെ ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരു ലേഖനം എഴുതിയതിന്റെ പേരിൽ കേരളത്തിലെ പ്രമുഖമായ ഒരു മാദ്ധ്യമം വേട്ടയാടിയിരുന്നതായും അയോധ്യാ വിധിയെ തുടർന്ന് നടത്തിയ ഒരു ചാനൽ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.
കെ കെ മുഹമ്മദിനെതിരെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ‘മാധ്യമം‘ പത്രം കുപ്രചാരണങ്ങൾ നടത്തുന്നതായി അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ആ പ്രചാരണങ്ങൾ ഉണ്ടാകാൻ ഇടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.
Discussion about this post