ഡൽഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ്സ് പറയുമ്പോഴും വിധിയ്ക്കെതിരായി പാർട്ടി പത്രമായ നാഷണൽ ഹെറാൾഡിൽ ലേഖനം വന്നത് വിവാദമാകുന്നു. കേസിലെ സുപ്രീം കോടതി വിധി പാകിസ്ഥാനിലെ സുപ്രീം കോടതിയെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു നാഷണൽ ഹെറാൾഡിൽ വന്ന ലേഖനം.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഇത്തരമൊരു ലേഖനം കോൺഗ്രസ്സ് നയിക്കുന്ന പത്രത്തിൽ വന്നത് പരിതാപകരമാണെന്നും രാജ്യം മുഴുവൻ വിധിയെ സ്വീകരിക്കുമ്പോൾ കോൺഗ്രസ്സ് നിലപാടില്ലാതെ ഉഴറുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.
പാകിസ്ഥാൻ ഗവർണ്ണർ ജനറലായിരുന്ന ജനറൽ ഗുലാം മുഹമ്മദിന്റെ ഇംഗിതത്തിന് വഴങ്ങി നിയമവിരുദ്ധമായ നടപടികൾക്ക് മൗനാനുവാദം കൊടുത്ത പാകിസ്ഥാൻ സുപ്രീം കോടതി വിധികളെ അനുസ്മരിപ്പിക്കുന്നതാണ് അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെന്ന നാഷണൽ ഹെറാൾഡിന്റെ കാഴ്ചപ്പാട് കോൺഗ്രസ്സ് വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തുടർന്നാണ് പത്രം ലേഖനം പിൻവലിച്ച് ക്ഷമാപണവുമായി രംഗത്തെത്തിയത്. ലേഖനം ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പത്രം അറിയിച്ചു. ലേഖനത്തിലെ കാഴ്ചപ്പാടുമായി കോൺഗ്രസ്സിനോ നാഷണൽ ഹെറാൾഡിനോ ബന്ധമില്ലെന്നും അത് ലേഖകന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും വിശദീകരണത്തിൽ പറയുന്നു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറ നാഷണൽ ഹെറാൾഡിന്റെ ട്രസ്റ്റിമാരിൽ ഒരാളാണ്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ് നാഷണൽ ഹെറാൾഡിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കനിഷ്ക സിംഗ്.
Discussion about this post