അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മുസ്ലീം സമൂഹത്തിനിടയില്‍ മുറിവുണ്ടാക്കിയെന്ന് മുസ്ലീം ലീഗ്. ദേശീയ-സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിനു ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. വിധി പലകാരണങ്ങളാല്‍ നിരാശജനകമാണെന്നും തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിധിയെ ബഹുമാനിക്കുന്നു. എങ്കിലും വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യ വിഷയത്തിലെ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നത അധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post