2030 ഓടെ ഇന്ത്യയിലുണ്ടാവുക 31 കോടിയോളം കോടി സെക്കന്‍ഡറി സ്‌കൂള്‍ ബിരുദധാരികള്‍. യുവാക്കളുടെ ഇത്രയും വിപുലമായ കര്‍മസേന ലോകത്തെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനുണ്ടാവില്ല. എന്നാല്‍ ഇവരില്‍ പകുതിയോളം പേരും തൊഴില്‍ രഹിതരാകാനാണെന്ന് യുണിസെഫിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ 54 ശതമാനം യുവജനങ്ങൾ വരുംകാല ജോലികൾക്കു പ്രാപ്തരല്ലെന്നും യുനിസെഫിന്റെ വിദ്യാഭ്യാസ കമ്മിഷനും ഗ്ലോബൽ ബിസിനസ് കൊളിഷൻ ഫോർ എജ്യുക്കേഷനും ചേർന്നുനടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ആഗോള ശരാശരിയെക്കാൾ താഴെയാണ് ഇന്ത്യൻ യുവാക്കളുടെ പ്രവർത്തന മികവ്. ശരാശരി വരുമാനവും കുറഞ്ഞ വരുമാനവുമുള്ള പ്രദേശങ്ങളിൽ യുനിസെഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
പ്രവൃത്തിപരിചയത്തിൽ കിട്ടുന്ന അവസരക്കുറവ്, തൊഴിൽമികവ് നേടാനുള്ള പരിമിതികൾ, കൈക്കൂലി, അഴിമതി, വിവേചനം, ഉദ്യോഗാർഥി നിയമനത്തിലെ തെറ്റായ പ്രവണതകൾ എന്നിവയാണ് തൊഴിൽമികവ് കുറയാൻ കാരണമായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നത്.യുവാക്കളിൽ നേരിട്ടു നടത്തിയ സർവേക്ക് പുറമെ ദേശീയ പഠന വിശകലനവിവരങ്ങളും അപഗ്രഥിച്ചാണ് യുനിസെഫ് പഠനം നടത്തിയത്.
ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവുംമികച്ച രീതിയിൽ തൊഴിൽ പ്രാവീണ്യം നേടിയത് ഭൂട്ടാൻകാരാണ്. ഭൂട്ടാനിലെ 81 ശതമാനം യുവാക്കളും വരുംകാല ജോലികൾക്ക് പ്രാപ്തരാണ്. പാകിസ്താൻ (40), നേപ്പാൾ (46), മാലദ്വീപ് (46), ബംഗ്ലാദേശ് (55) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ തൊഴിൽ പ്രാവീണ്യരായ യുവാക്കളുടെ ശതമാനങ്ങൾ.
Discussion about this post