ചന്ദ്രയാൻ 2 അവസാനനിമിഷം പാളിപ്പോയതിനു കാരണം വിക്രം ലാൻഡറിനു വഴികാട്ടുന്ന സോഫ്റ്റ്വെയറിലെ തകരാറെന്നു കണ്ടെത്തൽ. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ ഗൈഡൻസ് സോഫ്റ്റ്വെയർ പ്രവർത്തനം നിലച്ചു. ഇതോടെ നിയന്ത്രണം വിട്ട ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു.
ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിശകലന റിപ്പോർട്ട് കേന്ദ്ര സ്പേസ് കമ്മിഷനു കൈമാറി.
പരീക്ഷണഘട്ടങ്ങളിലൊന്നും ഗൈഡൻസ് സോഫ്റ്റ്വെയറിനു തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ . 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടു. തുടർന്നു ഫൈൻ ബ്രേക്കിങ് ഘട്ടം. ലാൻഡറിന്റെ നടുക്കുള്ള ഒരു ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക.
വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. എന്നാൽ, ഈ ഘട്ടത്തിൽ സോഫ്റ്റ്വെയർ പ്രവർത്തനം നിലച്ചതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി. ഇതു സംഭവിച്ചതു ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിൽ. തുടർന്നു നിശ്ചിത ലാൻഡിങ് കേന്ദ്രത്തിൽ നിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങി. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റു.
ചന്ദ്രന്റെ 100 കിലോമീറ്റർ മാത്രം അകലെയുള്ള ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്ററിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്റെ തെർമൽ ഇമേജ് ദൃശ്യങ്ങളും സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങളും സമിതി വിശകലനം ചെയ്തു. നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ കൈമാറിയ വിവരങ്ങളും വിലയിരുത്തി.
അന്തിമ ഘട്ടത്തിലെത്തും വരെ വിജയകരമായി മുന്നേറിയ ദൗത്യത്തിലെ പോരായ്മകൾ കണ്ടെത്തി വീണ്ടും ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2020 നവംബറോടെ ചന്ദ്രനിൽ വീണ്ടും സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ദൗത്യത്തിലാണ് ഐഎസ്ആർഒ.
Discussion about this post