ഡൽഹി: പ്രതിരോധ രംഗത്ത് സമാനതകളില്ലാത്ത സന്നാഹങ്ങളൊരുക്കി നരേന്ദ്ര മോദി സർക്കാർ. റഷ്യയിൽ നിർമ്മിക്കുന്ന എസ്-400 മിസൈലുകളുടെ തുക കൈമാറിയ ശേഷം അമേരിക്കയുമായി ഏഴര ബില്ല്യൺ ഡോളറിന്റെ ആയുധ കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുമായി ചരിത്രപരമായ ആയുധ കരാറിൽ ഒപ്പിടാൻ അമേരിക്ക സന്നദ്ധത അറിയിച്ചതായി കേന്ദ്ര സർക്കാരിനെയും അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നിരീക്ഷണവും ആക്രമണവും ഒരേ പോലെ സാദ്ധ്യമാക്കുന്ന ആയുധവാഹക ശേഷിയുള്ള ആളില്ലാ യുദ്ധവിമാനങ്ങൾ മൂന്ന് സേനകൾക്കും ലഭ്യമാക്കും. അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള പത്ത് പി-81 ലോംഗ് റേഞ്ച് നിരീക്ഷണ പോർ വിമാനങ്ങളും കരാറിന്റെ ഭാഗമായി അമേരിക്ക ഇന്ത്യക്ക് കൈമാറും. മുന്നൊരുക്കങ്ങൾ കൃത്യമായി മുന്നോട്ട് നീങ്ങിയാൽ വരുന്ന ഫെബ്രുവരിയിലോ മാർച്ചിലോ കരാർ യാഥാർത്ഥ്യമാകും.
റഷ്യയുമായി എസ്-400 മിസൈലുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ കരാറൊപ്പിട്ടത് അമേരിക്കയ്ക്ക് നീരസം ഉണ്ടാക്കിയിരുന്നു. എന്നാൽ കരാറുമായി മുന്നോട്ട് പോകാൻ ഇന്ത്യ പ്രകടിപ്പിച്ച ശുഷ്കാന്തിയും, ഇന്ത്യയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഊഷമളമായ സഹകരണവും കരാർ യാഥാർത്ഥ്യമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം റഷ്യയെയും അമേരിക്കയെയും ഒരേ ചരടിൽ കോർത്ത് മുന്നോട്ട് പോകുന്ന ഇന്ത്യൻ നയതന്ത്രത്തിന് മുന്നിൽ പ്രതിരോധമില്ലാതെ ഉഴറുകയാണ് പാകിസ്ഥാനും ചൈനയുമടക്കമുള്ള രാജ്യങ്ങൾ.
Discussion about this post