ഡൽഹി: കശ്മീരിൽ രാഷ്ട്രീയ ഇടപെടലിനുള്ള സമയമായെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. ജമ്മുവിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. കശ്മീർ താഴ്വരയിലും സമാനമായ സാഹചര്യത്തിന് വേണ്ടി കേന്ദ്രസർക്കാർ യത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ സാഹചര്യം പൂർണ്ണമായും സാധാരണ ഗതിയിലേക്ക് കൊണ്ടു വരുന്നതിൽ രാഷ്ട്രീയ നേതാക്കൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് റാം മാധവ് വ്യക്തമാക്കി. താഴ്വരയിലെ എല്ലാ രാഷ്ട്രീയ നേതാക്കളോടും കേന്ദ്രസർക്കാരിന് ബഹുമാനമാണ്. ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കമുള്ള നേതാക്കൾക്ക് സമാധാന പുനസ്ഥാപനത്തിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കും.
കശ്മീർ വിഷയത്തിൽ അഭിപ്രായം പറയാനും പ്രതിഷേധിക്കനുമുള്ള അവരുടെ അവകാശത്തെ ബിജെപി മാനിക്കുന്നു. എന്നാൽ പ്രതിഷേധങ്ങൾ ജനാധിപത്യപരവും സമാധാനപരവും ആയിരിക്കണമെന്നും റാം മാധവ് വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ നയത്തിന് വിരുദ്ധമായി നിലകൊള്ളുന്നവർക്ക് ആയുധമാവാൻ ഇന്ത്യൻ നേതാക്കളുടെ വാക്കുകൾ കാരണമാകരുതെന്നും റാം മാധവ് മുന്നറിയിപ്പ് നൽകി.
Discussion about this post