ശബരിമലയില്‍ ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാാടകര്‍ വരുന്ന ക്ഷേത്രമാണ് ശബരിമല.മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.ജനുവരി മൂന്നാം ആഴ്ചയ്ക്കകം നിയമത്തിന്റെ കരട് ഹാജരാക്കാനും നിര്‍ദേശിച്ചു.
ശബരിമലയിലെ യുവതി പ്രവേശന പുനപരിശോധനാ ഹര്‍ജി ഏഴംഗ ബഞ്ചിന്റെ പരിഗണനയിലാണ്. യുവതി പ്രവേശനം സുപ്രിം കോടതി അനുവദിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും സുപ്രിം കോടതി ചോദിച്ചു.
പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രമണയുടെ പരാമര്‍ശങ്ങള്‍.തിരുവിതാംകൂര്‍ ദേവസ്വത്തിലെ ക്ഷേത്രങ്ങളിലെ ഭരണനിര്‍വ്വഹണത്തിനായി ഒരു ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.ഇത് ചോദ്യം ചെയ്താണ് പന്തളം കൊട്ടാരം ഹര്‍ജി നല്‍കിയിരുന്നത്.
എത്ര തീര്‍ത്ഥാടകരാണ് ഒരു വര്‍ഷം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നതെന്ന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. ഏകദേശം അന്‍പത് ലക്ഷത്തോളം പേര്‍ എന്നായിരുന്നു മറുപടി. ഇത്രയധികം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രത്തെ എങ്ങനെയാണ് മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുക. ശബരിമലയുടെ ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക നിയമം ഉണ്ടാക്കാന്‍ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു.അത്തരമൊരു നിയമം കൊണ്ടു വരേണ്ട സാഹചര്യം അവിടെയുണ്ട് എന്ന നിര്‍ദ്ദേശവും ജസ്റ്റിസ് എന്‍പി രമണ നടത്തി.
ഏഴംഗ ബഞ്ചിന്റെ തീരുമാനം മുന്‍ ഉത്തരവിന് വിരുദ്ധമാണെങ്കില്‍ ശബരിമലയില്‍ എങ്ങനെ യുവതികളെ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കുന്ന ലിംഗ സമത്വം സാധ്യമാകുമെന്നും കോടതി ചോദിച്ചു. വിധി എതിരായാല്‍ അത് യുവതി നിയമനത്തിന് തടസ്സമാരില്ലെ.അങ്ങനെ എങ്കില്‍ എങ്ങിനെ ലിംഗസമത്വം സര്‍ക്കാര്‍ പാലിക്കുമെന്നും കോടതി ചോദിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയ്ക്ക് കൈമാറിയ ആക്ടിന്റെ കരടില്‍ വനിതകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
ശബരിമലയില്‍ മറ്റ് ക്ഷേത്രങ്ങളിലേത് പോലെ യുവതികളെ ജീവനക്കാരായി നിയമിക്കുന്നത് സാധ്യമാകുമോ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ലിംഗസമത്വം കൈവരിക്കുന്നതിന്റെ ഭാഗമായി അത് നടപ്പാക്കേണ്ടി വരുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഈ സമയത്തായിരുന്നു ഏഴംഗ ബഞ്ചിന്റെ വിധി യുവതി പ്രവേശത്തിന് എതിരായാല്‍ അത് തടസ്സമാവില്ലെ എന്ന് കോടതി ചോദിച്ചത്. ഇക്കാര്യം കൂടി ഉന്നയിച്ച് എന്ത് കൊണ്ട് ശബരിമലയ്ക്ക് പ്രത്യേക നിയമം ഉണ്ടാക്കി കൂടാ എന്ന് കോടതി ചോദിക്കുകയായിരുന്നു.
ഇപ്പോള്‍ ഉത്സവകാലമാണെന്നും സമയം നീട്ടി നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഉത്സവവും നിയമനിര്‍മാണവും തമ്മില്‍ എന്തു ബന്ധമെന്നും കോടതി ചോദിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ ജെബി ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി നേരത്തെ ഹാജരായിരുന്നത്. അദ്ദേഹം എവിടെ എന്ന് കോടതി ചോദിച്ചു.അദ്ദേഹം ഹാജരാവുന്നതിന് വേണ്ടി കേസ് വൈകിട്ടത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ശബരിമലയ്ക്ക് പ്രത്യേക നിയമം എന്ന വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് അപ്പോള്‍ വ്യക്തമാക്കേണ്ടി വരും.
യുവതി പ്രവേശനത്തിനും, എല്ലാ ക്ഷേത്രഭരണത്തിനുമായി ഒരു ബോര്‍ഡ് എന്ന സര്‍ക്കാര്‍ തീരുമാനത്തിനും തിരിച്ചടിയാണ് സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപീം കോടതിയിലെത്തിയത്. ആ കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല ഉള്‍പ്പടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും വേണ്ടി പുതിയ നിയമം കൊണ്ടുവരുന്നത് പന്തളം രാജകുടുംബം വീണ്ടും ചോദ്യം ചെയ്തത്. തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ആരാധനാലയ നിയമഭേദഗതി ബില്ല് 2006 ന് എതിരെയാണ് ഹര്‍ജി.
ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഭരണമാറ്റങ്ങള്‍ വേണമെന്ന് പന്തളം രാജകുടുംബവും വാവര്‍ പള്ളിയില്‍ ഹിന്ദു പൂജാരി വേണമെന്ന ദേവപ്രശ്‌നത്തിലെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുള്ള മറ്റൊരു ഹര്‍ജിയുമാണ് കേസിലുള്ളത്. ഈ കേസിലെ കേരള ഹൈക്കോടതി വിധിക്കെതിരെ പന്തളം രാജകുടുംബാംഗം രേവതി തിരുനാള്‍ രാമവര്‍മ രാജയാണ് സുപ്രീംകോടതിയിലെത്തിയത്.
Discussion about this post