ഡല്‍ഹി: കശ്മീരില്‍ അത്യുഗ്ര സ്ഫോടനശേഷിയുള്ള ഐഇഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം. വ്യാഴാഴ്ച രാവിലെയാണു സംഭവം.
അനന്ത്നാഗ് ജില്ലയിലെ ഖുദ്വാനി പാലത്തിനു സമീപം ദേശീയപാത 11-ല്‍ ആണ് 25 കിലോ വരുന്ന രണ്ടു ബോംബുകള്‍ ആണ് സൈന്യം സാഹസികമായി നിര്‍വീര്യമാക്കിയത്. രണ്ട് സിലിണ്ടര്‍ കണ്ടെയ്നറുകളിലായി 10 കിലോ, 15 കിലോ ഭാരമുള്ള ഐഇഡിയാണു സ്ഫോടനത്തിനായി സ്ഥാപിച്ചിരുന്നത്. പട്രോളിങ് നടത്തുന്ന സൈനികരാണു ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിവരം കിട്ടിയ ഉടന്‍ ബോംബ് നിര്‍വീര്യ സ്ക്വാഡ് (ബിഡിഎസ്) സ്ഥലത്തെത്തി.
ഐഇഡി കണ്ടെത്തിയ പ്രദേശത്തിനു ചുറ്റുമുള്ള ഭാഗത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുകയും പുറത്തെടുത്തു സുരക്ഷിതമായ സ്ഥലത്തു കൊണ്ടുപോയി സ്ഫോടനം നടത്തുകയുമായിരുന്നു ദൗത്യം. അതിസൂക്ഷ്മമായി ചെയ്യേണ്ട ഈ ദൗത്യം ബിഡിഎസ് സംഘം വിജയകരമായി നടപ്പാക്കി. ബോംബ് സ്ഫോടനം നടന്നിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന് നഷ്ടപ്പെടുകയും വലിയതോതില്‍ സാധനസാമഗ്രികള്‍ക്കു നാശമുണ്ടാകുകയും ചെയ്യുമായിരുന്നെന്നു സൈനിക വക്താവ് പ്രതികരിച്ചു.
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ കര്‍ശന നിയന്ത്രണങ്ങളാണു നടപ്പാക്കിയിരുന്നത്. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിവരുന്നതു തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം ക്രൂരവും അപരിഷ്കൃതവുമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post