പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരുടെ ഫോട്ടോ പുറത്ത് വിട്ട സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ചാനലിനും എതിരെ പോക്സോ കേസ്. പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ള വാളയാറിലെ പ്രായ പൂര്‍ത്തിയാവാത്ത സഹോദരിമാരുടെ മരണം സംബന്ധിച്ച് മലയാളം ചാനലായ മീഡിയ വണ്‍ നല്കിയ വാര്‍ത്തയാണ് നടപടിക്ക് ആധാരം.
അഭിമുഖപരിപാടിയില്‍ കുട്ടികളുടെ ഫോട്ടോ നിയമ വിരുദ്ധമായി പ്രദര്‍ശിപ്പിച്ചെന്ന് കാട്ടി അഭിഭാഷകനായ ശ്രീനാഥാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ ബോബന് മാട്ടുമന്ത എന്നയാളാണ് ഒന്നാം പ്രതി. മീഡിയ വണ്‍ പാലക്കാട് റിപ്പോര്‍ട്ടര്‍, ക്യാമറാമാന്, എഡിറ്റര്‍ മീഡിയ വണ്‍, പ്രൊഡ്യൂസര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
നവംബര്‍ 11 ന് വൈകുന്നേരം വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ബോബന് മാട്ടുമന്ത ഫേസ്ബുക്കില്‍ മീഡിയ വണ്‍ ചാനലില്‍ അദ്ദേഹം നല്കിയ അഭിമുഖവും വാര്‍ത്തയും പ്രചരിപ്പിച്ചു. ഈ പരിപാടിയില്‍ അനുമതിയോ, ആധികാരികരമായ വിവരങ്ങളോ ഇല്ലാതെ വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അഭിമാനത്തിന് കോട്ടം തട്ടുന്ന തരത്തിലും സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലും ഫോട്ടോ പ്രദര്‍ശിപ്പിച്ചെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. യുടൂബിലെ വാര്‍ത്തയുടെ ലിങ്കും അതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടെയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
Discussion about this post