ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ഹിന്ദു ഹെല്പ് ലൈന്‍.
ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.
ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയാല് മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Discussion about this post