കോഴിക്കോട്: അധ്യാപകനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കോളെജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സമരം. കല്ലാച്ചി എം.ഇ.ടി കോളെജിലെ അധ്യാപകനായ കായക്കൊടി സ്വദേശി പുത്തന്‍ പുരയില്‍ അഖില്‍ വിനായകിനെ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.
എം.ഇ.ടി കോളെജില്‍ നവംബര്‍ ഒന്നിനാണ് സംഭവം നടക്കുന്നത്. കോളേജില്‍ നടന്ന റാഗിങ് അധ്യാപകന് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അധ്യാപകന് കോളെജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും കുട്ടികളെ പുറത്താക്കുകയുമായിരുന്നു.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ തളീക്കര സ്വദേശി സയ്യിദ് വില്ലയില്‍ മുഹമ്മദ് ഷാമില്‍, കുനിങ്ങാട് സ്വദേശി കുന്നോത്ത് മുഹമ്മദ് ഫവാസ്, വള്ള്യാട് സ്വദേശി കീരങ്ങല് കെ.കെ മുഹമ്മദ് ഇഷാം, കല്ലിക്കണ്ടി തണ്ടര്‍ പറമ്പത്ത് ടി.കെ ഫവാസ് എന്നിവരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തില്ലെങ്കില്‍ സമരം നടത്തുമെന്ന നിലപാടിലാണ് എം.എസ്.എഫ്. സമൂഹ മാധ്യമങ്ങളിലും അധ്യാപകനെതിരെ എം.എസ്.എഫ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം തന്റെ മുന്നില്‍ റാഗിങ് നടക്കുന്നത് കണ്ടതുകൊണ്ടാണ് അവരെ വിളിച്ച് അന്വേഷിച്ചതെന്നും എന്നാല്‍ വിഷയം വഴിതിരിച്ച് വിടുന്നതിന് വേണ്ടി തന്റെ ഡിപ്പാര്ട്ടുമെന്റില് ഒരു കൂട്ടം ആളുകള്‍ വരികയും പ്രശ്നമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് അധ്യാപകനായ അഖില്‍ വിനായക് പറയുന്നു.
Discussion about this post