പമ്പ: ബിന്ദുവിനെയും കനക ദുര്‍ഗയെയും ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ച് ആചാര ലംഘനം നടത്താന്‍ ഉണ്ടായ ചേതോവികാരം എന്താണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. പമ്പ നദിയെ മലിനമാക്കുന്ന ദേവസ്വം ബോര്‍ഡിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിണമെന്നും കുമ്മനം വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനായി എത്തിയ കുമ്മനം രാജശേഖരന് പമ്പയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇരുട്ടിന്റെ മറവില്‍ പോലീസ് അകമ്പടിയോടെ ബിന്ദു അമ്മിണിയെയും കനക ദുര്‍ഗ്ഗയെയും സന്നിധാനത്ത് എത്തിച്ച് ആചാര ലംഘനം നടത്തിച്ചത് വിശ്വാസങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളി ആയിരുന്നു. ഇനിയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ സമൂഹം അതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന പമ്പയെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും സത്വരനടപടി സ്വീകരിക്കണം. പമ്പയെ അയ്യപ്പന്മാര്ക്ക് പൂര്‍ണ്ണമാകും പ്രയോജനപ്പെടുത്താന്‍ കഴിയണം. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. പമ്പാ നദിക്ക് കുറുകെ ബെയ്ലി പാലം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
Discussion about this post