ശ്രീനഗര്‍: കേന്ദ്ര പ്രദേശമായ ലഡാക്കിലെ തെക്കന്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ മഞ്ഞിടിച്ചിലില്‍ വീണ് രണ്ട് സൈനികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ആര്‍മി ഹെലികോപ്റ്ററുകളും എത്തി. ഉടനടി സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തക സംഘം മഞ്ഞ് പാളിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തു.
തുടര്‍ന്ന് ഓപ്പറേഷനില്‍ രക്ഷപ്പെടുത്തിയവരെ ഹെലികോപ്റ്ററുകള്‍ വഴി ആര്‍മി ബേസ് ക്യാമ്പിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി.
മെഡിക്കല്‍ ടീമുകളുടെ മികച്ച ശ്രമങ്ങള്‍ക്കിടയിലും രണ്ട് കരസേനാംഗങ്ങള്‍ ഹിമപാതത്തില്‍ മരിച്ചുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
നവംബര്‍ 19 ന് വടക്കന്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ നാല് സൈനീകരും രണ്ട് സിവിലിയന്മാരും മരിച്ചിരുന്നു.
Discussion about this post