മലപ്പുറത്ത് പെരുമ്പടപ്പില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാരഗുണ്ടാ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ബാദുഷ യുവതിയുടെ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകള്‍ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ബാദുഷയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
സദാചാരപൊലീസ് ചമഞ്ഞ് എത്തിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിനോട് പറഞ്ഞു. കണ്ടാല്‍ അറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തന്റെ സുഹൃത്തിന്റെ വീട്ടിലാണ് എത്തിയതെന്നും അവരുടെ അറിവോടെയാണ് വീട്ടിലെത്തിയതെന്ന് ബാദുഷ പറഞ്ഞിട്ടും സംഘം കേള്‍ക്കാന്‍ തയ്യാറായില്ല. അതിന് പിന്നാലെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Discussion about this post