പട്ന : വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ജോലി നേടിയ 3,000 അധ്യാപകര്‍ രാജിവെച്ചു. കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകനാണ് പട്ന ഹൈക്കോടതിയെ ഇക്കാര്യം വ്യക്തമാക്കിയത്. രഞ്ജിത് പണ്ഡിറ്റ് എന്നയാള്‍ നല്കിയ പരാതിയിലായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയ അധ്യാപകര്‍ രാജിവെക്കണമെന്ന് ഈ മാസമാദ്യം കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാജി വെയ്ക്കാനോ നിയമ നടപടി നേരിടാനോ ആയിരുന്നു കോടതി ഉത്തരവ്. ഇത് ലംഘിച്ച് ജോലിയില്‍ തുടരുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ മാനുഷിക പരിഗണന നല്‍കേണ്ടതില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ശമ്പളം തിരിച്ചുപിടിക്കാനും കോടതി അറിയിച്ചിട്ടുണ്ട്. 40,000 അധ്യാപകര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായാണ് ആരോപണം. തുടര്‍ന്നാണ് 2006 മുതല്‍ ഇതു വരെയുള്ള അധ്യാപകരുടെ നിയമനം സംബന്ധിച്ച അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കിയത്. മൂന്ന് ലക്ഷത്തോളംകരാര് അധ്യാപകരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താതെ നിയമിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
Discussion about this post