ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പൊലീസിന് തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ലെന്ന് മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ പറഞ്ഞു.
”പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ പൊലീസ് വെടിവയ്ക്കും. അതിനാണ് അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ കൈയില്‍ തോക്കുള്ളത് കാണാനല്ല” -ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് ബിജെപി അംഗം പറഞ്ഞു.
അതേസമയം ഹൈദരാബാദ് വെടിവെയ്പില്‍ തെലുങ്കാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് നാലു പേരും പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.
നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post