ഹൈദരാബാദ്: തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ സമയം തേടിയിട്ടുണ്ട്.
ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ച പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയും ആയുധങ്ങള്‍ തട്ടിയെടുത്ത് പോലീസിനെ ആക്രമിക്കുകയും ചെയ്തപ്പോള്‍ വെടിയുതിര്‍ക്കുകയും ആയിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച് ഞായറാഴ്ച ഉത്തരവ് പുറത്തിറങ്ങി. രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് അന്വേഷണ സംഘത്തലവന്‍.
26 കാരിയായ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നത്. പോലീസ് നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ബിജെപി രംഗത്ത് എത്തിയിരുന്നു. ഹൈദരാബാദ് ഏറ്റുമുട്ടലിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post