തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ഇനി അപേക്ഷിക്കും. അനുമതി ലഭിച്ചതിനു ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആര്.സി.യുടെ സേവനം പ്രയോജനപ്പെടുത്തിയാണ് രണ്ട് മെട്രോ പദ്ധതികളും നടപ്പാക്കുന്നത്. 6728 കോടി രൂപയാണ് പദ്ധതിച്ചെലവ്.
കൊച്ചി മെട്രോ നടപ്പാക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത സംരംഭമായി പദ്ധതി നടപ്പാക്കും. സംസ്ഥാനം 20 ശതമാനം, കേന്ദ്രം 20 ശതമാനം, വായ്പ 60 ശതമാനം എന്നിങ്ങനെയാണ് പദ്ധതിത്തുക വിഭാവനം ചെയ്യുന്നത്. ഭൂമിയേറ്റെടുക്കല്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ഡി.എം.ആര്.സി.യുടെ പഠന റിപ്പോര്‍ട്ടനുസരിച്ച്, ലൈറ്റ് മെട്രോ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് തിരുവനന്തപുരത്തിന് 4219 കോടി രൂപയും കോഴിക്കോടിന് 2509 കോടി രൂപയുമാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതല്‍ ടെക്നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ് മെട്രോ പദ്ധതി. കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ദൈര്‍ഘ്യം.
ഡി.എം.ആര്.സി. സമര്‍പ്പിച്ച വിശദമായ പഠനറിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ജപ്പാന് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുടെ വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാകും. ലൈറ്റ് മെട്രോ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കാനാണ് തീരുമാനമെന്നാണ് സൂചന. കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ്മെട്രോകളും പൊതുമേഖലയില്‍ നടപ്പാക്കണമെന്നാണ് ഇ.ശ്രീധരന് ആവശ്യപ്പെട്ടിരുന്നത്.
Discussion about this post