വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭരണ സമിതിയംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇന്ന് നടന്ന ജനറല്ബോഡിയുടേതാണ് തീരുമാനം.
സോണിച്ചന്‍ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണന്(മുന്‍ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാന്‍ജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരെയാണ് ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.എം. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെപ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ പ്രസ് ക്ലബ് തീരുമാനിക്കുകയും ചെയ്തിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post